Entertainment
ജോജു ജോര്‍ജിനോട് തമിഴ് നടന്‍ വിജയിയെ കണ്ടുപഠിക്കണമെന്ന് ആലപ്പി അഷ്റഫ്
Entertainment

ജോജു ജോര്‍ജിനോട് തമിഴ് നടന്‍ വിജയിയെ കണ്ടുപഠിക്കണമെന്ന് ആലപ്പി അഷ്റഫ്

Web Desk
|
3 Nov 2021 6:20 AM GMT

  • 'നിൻ്റെ കൈയ്യിൽ കാശുണ്ട് 'എന്ന് ജോജുവിൻ്റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് തൻ്റെ പ്രതിനിധിയെന്നും ഫാസിസ്റ്റ് നയങ്ങളിൽ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാളെന്നും അഷ്റഫ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

ജോജു ജോര്‍ജിനോട് തമിഴ് നടന്‍ വിജയിയെ കണ്ടുപഠിക്കണമെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. പെട്രോള്‍ വില വര്‍ധനവിനെതിരെ വിജയ് സൈക്കിളില്‍ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ് അടയാളപ്പെടുത്തിയതെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. നടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിലാണ് ആലപ്പി അഷ്റഫിന്‍റെ പ്രതികരണം.

'നിൻ്റെ കൈയ്യിൽ കാശുണ്ട് 'എന്ന് ജോജുവിൻ്റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് തൻ്റെ പ്രതിനിധിയെന്നും ഫാസിസ്റ്റ് നയങ്ങളിൽ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാളെന്നും അഷ്റഫ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ആ പാവത്തിനു മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ ഒന്നും പറയാനില്ല. പണമുണ്ടെങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍:

"നിൻ്റെ കൈയ്യിൽ കാശുണ്ട് ".

ജോജുവിൻ്റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധി.

ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാൾ.

ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ....

പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.

ആര്‍ടിഒ ഓഫീസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയായിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്.

നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടൻ വിജയ് യെ നാം കണ്ടു പഠിക്കേണ്ടതുണ്ടു്.

അദ്ദേഹം പെട്രോൾ വില വർദ്ധനവിനെതിരെ സൈക്കളിൽ നടത്തിയ പ്രതിഷേധ യാത്ര ആ നടൻ സമൂഹത്തോടുള്ള തൻ്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു.

ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങൾ കർക്കിച്ച് തുപ്പരുത്.

Similar Posts