അല്ലു അര്‍ജുന്‍റെ പുഷ്പ റഷ്യന്‍ ഭാഷയില്‍; ഡിസംബര്‍ എട്ടിന് റിലീസ്
|24 റഷ്യന്‍ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദ റൈസ് വിജയകരമായിരിക്കുകയാണ്. ഒന്നിലധികം ഭാഷകളില്‍ വലിയ കലക്ഷന്‍ കണക്കുകളോടെ റിലീസ് ചെയ്ത ദിവസം മുതല്‍ ചിത്രം ബോക്സ് ഓഫീസ് രജിസ്റ്ററുകളില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് വലിയ തരംഗമുണ്ടാക്കിയ പുഷ്പ ഡിസംബര്‍ 8 ന് റഷ്യയില്‍ മെഗാ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 1ന് മോസ്‌കോയില്‍ പ്രീമിയര്‍ പ്രദര്‍ശനം നടന്നിരുന്നു. ഡിസംബര്‍ 3ന് സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ചിത്രത്തിന്‍റെ പ്രത്യേക പ്രീമിയര്‍ നടക്കും. 24 റഷ്യന്‍ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍ എട്ടിന് ചിത്രം റഷ്യയില്‍ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിന്‍റെ ആവേശത്തിലും, പുഷ്പ: ദി റൂളിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായിരുന്നു നേരത്തെ പുഷ്പ പുറത്തിറങ്ങിയത്. അടുത്തിടെ നടന്ന 67-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഒരേസമയം 7 അവാര്‍ഡുകളാണ് പുഷ്പ ചിത്രത്തിന് ലഭിച്ചത്. നേരത്തെ പുഷ്പ രണ്ടാം ഭാഗത്തിന്‍റെ വിതരണത്തിനായി വാഗ്ദാനം ചെയ്ത 400 കോടിയുടെ ഓഫര്‍ നിര്‍മാതാക്കള്‍ നിരസിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയാകെയുള്ള വിതരണത്തിനായാണ് പ്രമുഖ കമ്പനി പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവിസിനെ സമീപിച്ചത്. എന്നാല്‍ ഈ വമ്പന് ഓഫറും സിനിമയുടെ നിര്‍മാതാക്കള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 29 ന് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണിലും റിലീസ് ചെയ്തിരുന്നു. നാല് ആഴ്ച കൊണ്ട് 300 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.
രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്