Entertainment
ഗോള്‍ഡിന്‍റെ റിലീസ് എന്നാണെന്ന് ആരാധകന്‍; അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി!
Entertainment

ഗോള്‍ഡിന്‍റെ റിലീസ് എന്നാണെന്ന് ആരാധകന്‍; അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി!

Web Desk
|
15 Sep 2022 2:19 AM GMT

നേരത്തെ ചിത്രം ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഒരിടവേളയും കഴിഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രതീക്ഷകള്‍ ഏറെയാണ്. നേരത്തെ ചിത്രം ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും പിന്നീട് തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ഇപ്പോള്‍ ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അല്‍ഫോന്‍സ്.

"കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലൻസ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാൻ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററില്‍ നിന്ന് സജസ്റ്റ് ചെയ്‍ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തീയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതില്‍ ഖേദിക്കുന്നു." ആരാധകനുള്ള മറുപടിയായി അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു.



പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍സും അഭിനയിക്കുന്നു. അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

Similar Posts