ഞാൻ നിങ്ങളുടെ അടിമയല്ല, സോഷ്യല്‍ മീഡിയയില്‍ ഇനി ഞാനെന്‍റെ മുഖം കാണിക്കില്ല; അല്‍ഫോന്‍സ് പുത്രന്‍
|എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല
'ഗോള്‍ഡ്' എന്ന ചിത്രത്തിന്‍റെ റിലീസിനു ശേഷം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വീണ്ടും മറുപടിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന അല്‍ഫോന്‍സിന്‍റെ അവ്യക്തമായ ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരിക്കുന്നത്.
ഏറെ കാത്തിരിപ്പുകള്‍ക്കു ശേഷം തിയറ്ററിലെത്തിയ ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ 'ഗോള്‍ഡ്'. നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കുന്ന ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ചിത്രം റിലീസ് ചെയ്തത്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. പൃഥ്വിരാജും നയന്‍താരയുമായിരുന്നു നായികാനായകന്‍മാര്‍. നേരം 2 , പ്രേമം 2 എന്നല്ല താൻ ഈ സിനിമയ്ക്കു പേരിട്ടതെന്നും ഗോൾഡ് എന്നാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു.
അല്‍ഫോന്‍സ് പുത്രന്‍റെ കുറിപ്പ്
നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്‍റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ സിനിമകൾ കാണാം.
എന്‍റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷനാകും. ഞാൻ പഴയതു പോലെയല്ല. ഞാൻ എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്‍റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു...."