അംബാനി കല്യാണത്തിന്റെ പി.ആര്‍ വര്‍ക്കിന് 3.6 ലക്ഷം ഓഫര്‍; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് ഇന്‍ഫ്‌ളുവന്‍സര്‍
|ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയുമെല്ലാം പേരില്‍ പലപ്പോഴും വിവാഹങ്ങള്‍ മുടങ്ങുന്ന ഒരു രാജ്യത്ത്, ഇതേ മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള ഒരു വന്‍കിട വിവാഹം പ്രമോട്ട് ചെയ്യുന്നത് തന്‍റെ മൂല്യങ്ങളോട് നിരക്കുന്നതല്ലെന്ന് കാവ്യ പറഞ്ഞു
ബെംഗളൂരു: അംബാനി കല്യാണത്തിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ 3.6 ലക്ഷം രൂപയുടെ ഓഫര്‍ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍. മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തെ പ്രമോട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്യാനാണു വന്‍ തുക വാഗ്ദാനം ചെയ്തത്. ജിയോഗ്രഫി വിഡിയോകളിലൂടെ ശ്രദ്ധേയയായ ഇന്‍ഫ്‌ളുവന്‍സറായ കാവ്യ കര്‍ണാടക് ആണു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ലിങ്കിഡിന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലൂടെയാണ് കാവ്യ കര്‍ണാടക് വെളിപ്പെടുത്തല്‍ നടത്തിയത്. എന്തുകൊണ്ട് അംബാനിയില്‍നിന്നുള്ള 3.6 ലക്ഷത്തിന്റെ ഓഫര്‍ നിരസിച്ചു എന്നു തലക്കെട്ടോടെയാണ് അവര്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. അംബാനി കല്യാണം ഇന്ത്യന്‍ സമ്പദ്ഘടനയെ അഭിവൃദ്ധിപ്പെടുത്തുമെന്ന വാദവുമായി കണ്ടെന്റുകള്‍ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഓഫര്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നുവെന്നു പറഞ്ഞാണ് കാവ്യ കാരണങ്ങള്‍ നിരത്തിയത്.
വ്യക്തിപരമായ ബ്രാന്‍ഡിനെ ബാധിക്കുമെന്നാണ് ഒന്നാമത്തെ കാരണമായി കാവ്യ പറഞ്ഞത്. വലിയൊരു സമൂഹം ഒരേ ഉള്ളടക്കവും വാദങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള കാംപയിനുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കുന്നു അവര്‍. ബഹളങ്ങള്‍ക്കിടയില്‍ മുങ്ങി പെട്ടെന്ന് അപ്രസക്തരായിപ്പോയേക്കാം. വൈവിധ്യവും മൗലികതയും കൊണ്ടുവരുന്ന തരത്തില്‍, കണ്ടെന്റുകളില്‍ വ്യതിരിക്തതയും മൂല്യവും പുലര്‍ത്തണമെന്ന വിശ്വാസക്കാരിയാണ്. അമിതമായി പ്രമോട്ട് ചെയ്യപ്പെട്ട അംബാനി കല്യാണം പോലുള്ള ഒരു പ്രചാരണത്തിന്റെ ഭാഗമാകുന്നത് തന്റെ ബ്രാന്‍ഡിന്റെ വേറിട്ട മൂല്യം ഇല്ലാതാക്കുമെന്നും കാവ്യ വിശദീകരിക്കുന്നു.
ഇത്തരമൊരു പ്രമോഷന്‍ ചെയ്യുന്നതില്‍ വിശ്വാസ്യതയുടെ പ്രശ്നം കൂടിയുണ്ടെന്ന് കാവ്യ തുടരുന്നുണ്ട്. ജിയോ ഇന്റര്‍നെറ്റ് നിരക്ക് കൂട്ടിയ സമയത്ത് അംബാനിയെ പോലുള്ള ഒരു കോര്‍പറേറ്റ് ഭീമനെ പ്രമോട്ട് ചെയ്യുന്നത് സത്യസന്ധമല്ല. നിരന്തരം പുലര്‍ത്തുന്ന വിശ്വാസ്യതയിലൂടെ സമയമെടുത്ത് നിര്‍മിച്ചെടുക്കുന്ന, ദുര്‍ബലമായൊരു സംഗതിയാണ് വിശ്വാസം. എന്റെ ശ്രോതാക്കള്‍ക്ക് എല്ലാം വേര്‍തിരിച്ചറിയാനാകും. പെയ്ഡ് പ്രമോഷനും സത്യസന്ധമായ കണ്ടെന്റുമെല്ലാം ഏതാണെന്ന് അവര്‍ക്കു മനസിലാകും. അതുകൊണ്ടു തന്നെ അവരുടെ വിശ്വാസം സംരക്ഷിക്കല്‍ വളരെ പ്രധാനമാണ്.
ഇതോടൊപ്പം ഓഫര്‍ നിരസിച്ചതിനു പിന്നില്‍ ധാര്‍മികമായ പ്രശ്നങ്ങളുമുണ്ട്. ജാതിയുടെയും വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും പേരില്‍ പലപ്പോഴും വിവാഹങ്ങള്‍ മുടങ്ങുന്ന ഒരു രാജ്യത്ത്, ഇതേ മാനദണ്ഡങ്ങളെല്ലാം പാലിച്ചുള്ള ഒരു വന്‍കിട വിവാഹം പ്രോത്സാഹിപ്പിക്കുന്നത് എന്റെ മൂല്യങ്ങളോട് നിരക്കുന്നതല്ല. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകയും കണ്ടന്റ് ക്രിയേറ്ററുമെന്ന നിലയ്ക്ക് അത്തരമൊരു മാമാങ്കം പ്രമോട്ട് ചെയ്യുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കാണ് ഇത്തരം പരിപാടി കൂടുതല്‍ യോജിക്കുക. വന്‍താര പ്രോജക്ടുമായി ബന്ധപ്പെട്ട് മുന്‍പ് ഞാന്‍ അംബാനിയുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ഒരു വിവാഹമൊക്കെ ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുണപരമായി സ്വാധീനിക്കുമെന്നു വാദിക്കുന്നത് വസ്തുതാപരമായി ശരിയല്ലെന്നും അവര്‍ പറഞ്ഞു.
വ്യക്തിപരമായ വിശ്വാസ്യതയും സത്യസന്ധതയും ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിച്ച ഘടകമാണെന്ന് കാവ്യ വെളിപ്പെടുത്തി. 3.6 ലക്ഷത്തിന്റെ ഓഫര്‍ വലിയ പ്രലോഭനം തന്നെയാണ്. എന്നാല്‍, ചെറിയ സമയത്തെ സാമ്പത്തിക നേട്ടത്തിലും പ്രധാനമാണ് ദീര്‍ഘകാലത്തേക്കുള്ള വിശ്വാസ്യത നിലനിര്‍ത്തല്‍. സത്യസന്ധതയിലൂടെയാണ് വിശ്വസ്തരായ ഫോളോവര്‍മാരുണ്ടാകുക. അത്തരം ഫോളോവര്‍മാരെ കിട്ടുന്നത് വിലമതിക്കാനാകാത്ത കാര്യമാണ്. ഇത്തരം ഓഫറുകള്‍ നിരസിക്കുന്നത് വെല്ലുവിളി തന്നെയാണ്. എല്ലാവര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, കരിയറില്‍ അങ്ങനെയൊരു തീരുമാനമെടുക്കാനാകുന്ന ഘട്ടത്തിലാണ് താനുള്ളതെന്നും കാവ്യ കര്‍ണാടക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ജുലൈ 12 മുതല്‍ 14 വരെ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു അനന്ത്-രാധിക വിവാഹത്തിന്റെ പ്രധാന ചടങ്ങുകള്‍ നടന്നത്. പതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാനാകുന്ന വേദിയിലായിരുന്നു ദിവസങ്ങള്‍ നീണ്ട അത്യാഡംബര കല്യാണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ വരെ ചടങ്ങില്‍ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരത് പവാര്‍ തുടങ്ങി രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിച്ചു.
കിം കര്‍ദാഷിയാന്‍, കോലെ കര്‍ദാഷിയാന്‍, നിക് ജോനാസ്, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, രജനീകാന്ത്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലയര്‍, ബോറിസ് ജോണ്‍സണ്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങി രാഷ്ട്രീയ, വിനോദ, വ്യവസായ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ അഹ്‌മദാബാദിലെ ജാംനഗറില്‍ നടന്ന പ്രീവെഡ്ഡിങ് ആഘോഷത്തില്‍ ആഗോള പ്രമുഖര്‍ മുതല്‍ രാജ്യത്തെ വിനോദ, കായികരംഗങ്ങളില്‍നിന്നുള്ള സെലിബ്രിറ്റികളുടെ വന്‍നിര തന്നെയുണ്ടായിരുന്നു. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഭാര്യ പ്രിസ്‌കില്ല ചാനൊപ്പമാണ് എത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
പോപ്പ് താരം റിഹാന്നയുടെ സംഗീത പരിപാടിയായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന കപൂര്‍, അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, കരിഷ്മ കപൂര്‍, സൈഫ് അലി ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് വാര്‍ത്തകളില്‍ നിറഞ്ഞു. വിവാഹത്തിനുശേഷമുള്ള ആഘോഷ പരിപാടികള്‍ ലണ്ടനില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Summary: 'Ambani wedding to boost Indian economy'; Social media influencer Kavya Karnatac reveals that she rejected the PR offer of 3.6 lakhs