ഞാന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്, ക്രൂരമായി പെരുമാറിയിട്ടുണ്ട്, അതിലെനിക്ക് സങ്കടമുണ്ട്: ഖേദപ്രകടനവുമായി ആംബര്‍ ഹേഡ്
|എന്നാല്‍ വിചാരണ വേളയിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും ആംബര്‍ എൻബിസി ന്യൂസിന്‍റെ സവന്ന ഗുത്രിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു
ന്യൂയോര്‍ക്ക്: ഹോളിവുഡ് നടന്‍ ജോണി ഡെപ്പുമായുള്ള ബന്ധത്തില്‍ തന്‍റെ ഭാഗത്തു നിന്നും തെറ്റുകളുണ്ടായിട്ടുണ്ടെന്ന് മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ്. എന്നാല്‍ വിചാരണ വേളയിൽ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും ആംബര്‍ എൻബിസി ന്യൂസിന്‍റെ സവന്ന ഗുത്രിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
''എന്‍റെ മരണം വരെ ഞാന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കും. ഞാനൊരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജൂറിയെ വ്യതിചലിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിജയിച്ചു. ഞാൻ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപമാനകരവും ഭയാനകവുമായ കാര്യമാണിത്. എന്‍റെ ബന്ധത്തിലുടനീളം ഞാൻ ഭയങ്കരവും ഖേദകരവുമായ കാര്യങ്ങൾ ചെയ്യുകയും പറയുകയും ചെയ്തു. ഞാന്‍ ക്രൂരമായി പെരുമാറിയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് എന്നെത്തന്നെ തിരിച്ചറിയാനാവാത്ത അവസ്ഥയായിരുന്നു. അതിലെനിക്ക് ഖേദമുണ്ട്'' ആംബര്‍ പറഞ്ഞു.
എൻബിസിയിൽ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിന്‍റെ ആദ്യ ഭാഗത്തിൽ ആംബർ ഡെപ്പിന്‍റെ സാക്ഷികളെ 'പെയ്ഡ്' ജീവനക്കാരെന്നും 'റാന്‍ഡോസ്' എന്നും വിളിച്ചു. അവർക്ക് എങ്ങനെയാണ് ഒരു വിധി പറയാൻ കഴിയുക? അവർക്ക് എങ്ങനെ ആ നിഗമനത്തിൽ എത്തിച്ചേരാനാകും? പെയ്ഡ് സാക്ഷികളില്‍ നിന്നും മൂന്നാഴ്ചയോളം നിർത്താതെയുള്ള, നിരന്തര സാക്ഷ്യങ്ങൾ കേട്ടു അവര്‍ കേട്ടു'' ആംബര്‍ ആരോപിച്ചു.
2015ലാണ് ആംബറും ജോണി ഡെപ്പും വിവാഹിതരാകുന്നത്. 2017ല്‍ വേര്‍പിരിയുകയും ചെയ്തു. 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ആംബര്‍ വെളിപ്പെടുത്തിയിരുന്നു. ഡെപ്പിന്‍റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുത്തു. കേസില്‍ ജോണി ഡെപ്പിന് അനുകൂലമായിട്ടായിരുന്നു വിധി. ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്. ആറ് ആഴ്‌ചത്തെ സാക്ഷി വിസ്താരം , ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേഡ് കുറ്റക്കാരിയാണെന്നായിരുന്നു കണ്ടെത്തൽ.