'ജോണി ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നു'; വീണ്ടും അംബർ ഹേഡ്
|"'എന്തു പറയണമെന്നോ, എന്താണെന്നോ അറിയില്ല, എനിക്ക് ഭയമുണ്ട്."
ന്യൂയോർക്ക്: കോടതിമുറിയിൽ നടന്ന രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെ, മുൻ ഭർത്താവ് ജോണി ഡെപ്പിനെ താൻ ഇപ്പോഴും സ്‌നേഹിക്കുന്നതായി ഹോളിവുഡ് നടി അംബർ ഹേഡ്. യുഎസ് ചാനലായ എൻബിസിക്കു നൽകിയ അഭിമുഖത്തിലാണ് ഹേഡ് മനസ്സു തുറന്നത്. അഭിമുഖത്തിന്റെ ആദ്യഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്തു.
'ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. ഹൃദയം കൊണ്ട് ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. ബന്ധം നിലനിർത്താൻ ഞാൻ ആവതു ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. അദ്ദേഹത്തോട് വെറുപ്പില്ല. ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് എന്നറിയാം, അല്ലെങ്കിൽ മനസ്സിലാക്കാൻ ഏറെ എളുപ്പമാണ്. നിങ്ങൾ ആരെയെങ്കിലും പ്രണയച്ചാൽ അതെളുപ്പമാകും' - ഹേഡ് പറഞ്ഞു.
തനിക്കെതിരെ ഡെപ്പ് വീണ്ടും നിയമനടപടി സ്വീകരിക്കുമെന്ന് ഭയമുണ്ടെന്നും അവർ പറഞ്ഞു. 'എന്തു പറയണമെന്നോ, എന്താണെന്നോ അറിയില്ല, എനിക്ക് ഭയമുണ്ട്. മറ്റൊരവസരത്തിൽ ഞാനെടുക്കുന്ന ഓരോ ചുവടുവയ്പ്പും നിശ്ശബ്ദമാക്കപ്പെട്ടേക്കാം' - അവർ കൂട്ടിച്ചേർത്തു.
ഹോളിവുഡ് ഒന്നടങ്കം സാകൂതം ശ്രദ്ധിച്ച മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായിരുന്നു കോടതി വിധി. അംബർ ഹേഡ് ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണം എന്നായിരുന്നു യുഎസിലെ ഫയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചിരുന്നത്. ഡെപ്പിനെതിരെ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസിൽ അവർക്ക് അനുകൂലമായും വിധിയുണ്ടായി. രണ്ടു ദശലക്ഷം ഡോളറാണ് കേസിൽ ഡെപ്പ് പിഴയൊടുക്കേണ്ടത്. ആറാഴ്ചത്തെ സാക്ഷിവിസ്താരത്തിനും ക്രോസ് വിസ്താരത്തിനും ശേഷമാണ് കോടതി കേസിൽ വിധി പറഞ്ഞത്.
2015ലാണ് ഡെപ്പും ഹേഡും വിവാഹിതരാകുന്നത്. 2017ൽ വേർപിരിഞ്ഞു. 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമായത്.
സാക്ഷി വിസ്താരത്തിനിടെ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഡെപ്പിനെതിരെ ഉന്നയിച്ചിരുന്നത്. പൊട്ടി കുപ്പി ഉപയോഗിച്ച് ലൈംഗിക അതിക്രമം നടത്തി, ദേഹോദ്രവം ഏൽപ്പിച്ചു എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ.