ലതാ മങ്കേഷ്കറുടെ സംസ്കാരച്ചടങ്ങില്‍ എന്തുകൊണ്ട് ബിഗ് ബി മാത്രം പങ്കെടുത്തില്ല? കാരണമിതാണ്...
|ഞായറാഴ്ച വൈകിട്ടായിരുന്നു ലതാ മങ്കേഷ്കറുടെ സംസ്കാരം നടന്നത്
ലോകമെമ്പാടുമുള്ള ആരാധകരെ വേദനയിലാഴ്ത്തിക്കൊണ്ട് ഞായറാഴ്ചയാണ് ഇന്ത്യയുടെ വാനമ്പാടി പറന്നകന്നത്. ഇന്ത്യന്‍ സംഗീതരംഗത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയായിരുന്നു ലതയുടെ വിയോഗം. രാജ്യം മുഴുവനും ലതയുടെ നിര്യാണത്തില്‍ തേങ്ങുകയായിരുന്നു. ബോളിവുഡിന്‍റെ ഈണമായിരുന്ന ലതക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് സംസ്കാരച്ചടങ്ങ് നടന്ന മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ അന്നേ ദിവസം എത്തിയത്. ഷാരൂഖ് ഖാനടക്കമുള്ള താരങ്ങള്‍ എത്തിയപ്പോള്‍ ഒരാളുടെ അഭാവം മാത്രം ചടങ്ങില്‍ പ്രകടമായിരുന്നു. ബോളിവുഡിന്‍റെ ബിഗ് ബി മാത്രം ലതയെ അവസാനമായി കാണാന്‍ ശിവാജി പാര്‍ക്കിലെത്തിയിരുന്നില്ല.
ഞായറാഴ്ച വൈകിട്ടായിരുന്നു ലതാ മങ്കേഷ്കറുടെ സംസ്കാരം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ വാനമ്പാടിക്ക് കണ്ണീരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. ശ്രദ്ധ കപൂർ, രൺബീർ കപൂർ, ജാവേദ് അക്തർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, ശിവാജി പാർക്കിലെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അമിതാഭ് ബച്ചന് സാധിച്ചില്ല. പെദ്ദാർ റോഡിലെ വസതിയിലെത്തി ലതയുടെ കുടുംബത്തെ കണ്ടുവെന്നും ദീദിയുടെ കുടുംബവുമായി ബച്ചന്‍ സംസാരിച്ചുവെന്നും ബിഗ് ബിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്താണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു. സംസ്കാരം പൊതുസ്ഥലത്ത് ആയതിനാലും തന്‍റെ സാന്നിധ്യം ആള്‍ക്കൂട്ടത്തിന് ഇടയാക്കുകയും ചെയ്യുന്നതുകൊണ്ടാണ് ബച്ചന്‍ ലതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചത്.
''അവര്‍ നമ്മെ വിട്ടുപോയി... ഒരു ദശലക്ഷം നൂറ്റാണ്ടുകളായി നമ്മള്‍ കേട്ട ശബ്ദം. അവരുടെ ശബ്ദം ഇപ്പോൾ സ്വർഗത്തിൽ മുഴങ്ങുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു'' ലതയുടെ വിയോഗത്തില്‍ ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു. ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിനു ശേഷമാണ് 92കാരിയായ ലത ഞായറാഴ്ച മരണത്തിന് കീഴടങ്ങിയത്. കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് ജനുവരി 8നാണ് ലതയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.