കടക്കല്‍ ചന്ദ്രനെ മാതൃകയാക്കൂ; ആന്ധ്ര മുഖ്യമന്ത്രിയോട് എംപി
|'ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വണ്‍ കണ്ട് മനസ്സിലാക്കൂ'
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച സിനിമയാണ് വണ്‍. കടക്കല്‍ ചന്ദ്രന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചത്. കടക്കല്‍ ചന്ദ്രന് എന്ന ആദര്‍ശവാനായ മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് രഘുരാമകൃഷ്ണ രാജു എന്ന എംപി. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവാണ് രഘുരാമകൃഷ്ണ രാജു. ട്വീറ്റ് ഇങ്ങനെ-
"മമ്മൂട്ടി അഭിനയിച്ച വണ്‍ എന്ന മലയാള സിനിമ നെറ്റ് ഫ്ലിക്സില്‍ ഇപ്പോള്‍ കണ്ടതേയുള്ളൂ. ആദര്‍ശവാനായ മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി ചെയ്തത്. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും ജനങ്ങളും ഈ സിനിമ കാണണം. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സിനിമ കണ്ട് മനസ്സിലാക്കൂ. എന്തായാലും കാണണം".
ദുല്‍ഖര്‍ സല്‍മാനെയും എംപി ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. തെലുങ്കില്‍ യാത്ര എന്ന സിനിമയിലും മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. ജഗന്മോഹന് റെഡ്ഡിയുടെ പിതാവ് കൂടിയായ മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതമായിരുന്നു സിനിമക്ക് ആധാരം.
Just watched Mammootty @mammukka starrer malayalam movie "One" on Netflix. He played the role of an ideal Chief Minister. I suggest our CM @ysjagan and people of our state to watch this movie and understand how an ideal Chief Minister should be. MUST WATCH! @dulQuer #RRR pic.twitter.com/iX06XMs4MM
— K Raghu Rama Krishna Raju (@RaghuRaju_MP) May 1, 2021
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. കോവിഡ് സാഹചര്യം കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു. ബോബി - സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്കുന്ന, റൈറ്റ് ടു റീകാള്‍ എന്ന നിയമം പാസ്സാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് സിനിമയില്‍ കാണാന്‍ കഴിയുക. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്, ബിനു പപ്പു തുടങ്ങി വന്‍ താരനിര തന്നെ സിനിമയിലുണ്ട്.