'ഇനി എന്നെ കാണാൻ മണിക്കൂറിന് അഞ്ച് ലക്ഷം'; നവാഗതർക്കായി സമയം പാഴാക്കി മടുത്തെന്ന് അനുരാഗ് കശ്യപ്
|കൂടുതൽ പേരും വെറുതെ സമയം കളയാൻ വരുന്നുവെന്നല്ലാതെ പ്രതിഭയുള്ള ആരെയും കാണാൻ കഴിയുന്നില്ലെന്നാണ് അനുരാഗ് കശ്യപിന്റെ പരാതി.
മുംബൈ: പുതുമുഖങ്ങളെ സഹായിക്കാൻ ശ്രമിച്ച് തന്റെ സമയം നഷ്ടപ്പെടുത്തിയെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നിലവാരം കുറഞ്ഞ ആളുകൾക്ക് വേണ്ടി സമയം മാറ്റിവെച്ച് മടുത്തെന്നും തന്നെ കാണാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ഇനിമുതൽ പണം ഈടാക്കുമെന്നും വ്യക്തമാക്കിയാണ് അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുന്നത്. ചാരിറ്റി പ്രവർത്തനമല്ല തന്റേതെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടുന്നുണ്ട്.
നവാഗതരെ സഹായിക്കാൻ ഒരുപാട് നാളായി സമയം പാഴാക്കുന്നു. കൂടുതൽ ആളുകളും വെറുതെ സമയം കളയാൻ വരുന്നു എന്നല്ലാതെ പ്രതിഭയുള്ള ആരെയും കാണാൻ കഴിയുന്നില്ലെന്നാണ് അനുരാഗ് കശ്യപിന്റെ പരാതി. പത്തു മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ തന്നോടൊപ്പം ചെലവഴിക്കുന്നതിനുള്ള റേറ്റും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
‘‘നവാഗതരെ സഹായിക്കാൻ ഞാൻ ഒരുപാട് സമയം പാഴാക്കി, പല ശ്രമങ്ങളും വിഫലമായിരുന്നു. അതുകൊണ്ട് ഇനി മുതൽ സ്വയം സർഗാത്മക പ്രതിഭകളാണെന്ന് കരുതുന്ന ആളുകൾക്കായി സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എന്നെക്കാണുന്നതിന് ഇനി മുതൽ ഫീസ് ഈടാക്കും. 10-15 മിനിറ്റ് എന്നെ കണ്ടു സംസാരിക്കുന്നതിനു ഒരു ലക്ഷം രൂപയാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്, അര മണിക്കൂറിന് രണ്ട് ലക്ഷവും ഒരു മണിക്കൂറിന് അഞ്ച് ലക്ഷം രൂപയുമായിരിക്കും എന്റെ ഫീസ്. ആളുകളെ കാണുന്നതിന് സമയം വെറുതെ കളഞ്ഞ് ഞാൻ മടുത്തു. എന്റെ ഫീസ് നിങ്ങൾക്ക് താങ്ങാൻ കഴിയുമെങ്കിൽ എന്നെ വിളിക്കുക അല്ലെങ്കിൽ ഈ വിഡ്ഢിത്തത്തിന് മുതിരരുത്. എനിക്കുള്ള ഫീസ് നിങ്ങൾ മുൻകൂറായി ഒടുക്കേണ്ടിവരും.
ഈ എഴുതിയത് തന്നെയാണ് ഞാൻ അർഥക്കുന്നത്. എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് എന്റെ വിലപ്പെട്ട സമയം തരണമെങ്കിൽ പണം നൽകുക. ഞാൻ ചാരിറ്റി അല്ല ചെയ്യുന്നത്. കുറുക്കുവഴികൾ തേടുന്ന ആളുകളെ സ്വീകരിച്ച് എനിക്ക് മടുത്തു"
അനുരാഗ് കശ്യപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബോളിവുഡിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്മാരിലൊരാളായ അനുരാഗ് കശ്യപ് മലയാളത്തിലടക്കം നിരവധി ആരാധകരുള്ള സംവിധായകനാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അഭിനേതാവായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അദ്ദേഹം.