Entertainment
animal movie

അനിമലില്‍ അനില്‍ കപൂറും രണ്‍ബീര്‍ കപൂറും

Entertainment

ഡിലീറ്റഡ് സീനുകളുമായി അനിമല്‍ ഒടിടിയിലേക്ക്

Web Desk
|
22 Jan 2024 10:05 AM GMT

നെറ്റ്ഫ്ലിക്സ് പതിപ്പ് ദൈർഘ്യമേറിയതായിരിക്കുമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

മുംബൈ: രണ്‍ബീര്‍ കപൂറിന്‍റെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം 'അനിമല്‍'ഒടിടിയിലേക്ക്. ജനുവരി 26 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. നീക്കം ചെയ്ത രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒടിടിയിലെത്തുന്നത്.

മൂന്നു മണിക്കൂര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള പതിപ്പാണ് തിയറ്ററുകളിലെത്തിയത്. നെറ്റ്ഫ്ലിക്സ് പതിപ്പ് ദൈർഘ്യമേറിയതായിരിക്കുമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എട്ട് മിനിറ്റ് കൂടി ചേര്‍ത്ത് 209 മിനിറ്റ് ദൈര്‍ഘ്യമുള്ള അനിമലായിരിക്കും ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തുക. രശ്മിക മന്ദാനയുടെ കഥാപാത്രമായ ഗീതാഞ്ജലി സിംഗിന്‍റെ രംഗങ്ങളാണ് പുതിയതായി കൂട്ടിച്ചേര്‍ക്കുക. ഈ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ ചിത്രത്തിന്‍റെ സ്വഭാവം തന്നെ മാറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രം തിയറ്ററില്‍ കണ്ടവരെപ്പോലും ആകര്‍ഷിക്കാനുള്ള നീക്കമാണ് ഡിലീറ്റഡ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒടിടി റിലീസ്.

ഡിസംബര്‍ 1ന് തിയറ്ററുകളിലെത്തിയ ചിത്രം 917 കോടിയാണ് ബോക്സോഫീസില്‍ നിന്നും തൂത്തുവാരിയത്. 2023ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാന്‍,ഗദര്‍ 2 എന്നിവയുടെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 61 കോടിയാണ് ചിത്രം ആദ്യം ദിവസം നേടിയത്. വയലന്‍സ്, സ്ത്രീ വിരുദ്ധത തുടങ്ങിയ വിമര്‍ശനങ്ങള്‍ ആദ്യം മുതലെ ചിത്രത്തിനെതിരെ ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു അനിമലിന്‍റെ പടയോട്ടം. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Similar Posts