Entertainment
21-ാം വയസിൽ അരങ്ങേറ്റം, ആദ്യ പാട്ട് ആഗോള ഹിറ്റ്, പ്രതിഫലം 10 കോടി; ഹിറ്റ് മെഷീൻ- അനിരുദ്ധ് രവിചന്ദർ
Entertainment

21-ാം വയസിൽ അരങ്ങേറ്റം, ആദ്യ പാട്ട് ആഗോള ഹിറ്റ്, പ്രതിഫലം 10 കോടി; 'ഹിറ്റ് മെഷീൻ'- അനിരുദ്ധ് രവിചന്ദർ

അലി കൂട്ടായി
|
16 Oct 2023 4:44 PM GMT

പരാജയപ്പെട്ട പ്രണയത്തെക്കുറിച്ചുള്ള ഒരു ചെറിയ ഗാനം വേണമെന്നാണ് ഐശ്വര്യ അനിരുദ്ധിനോട് പറയുന്നത്. ഏകദേശം 10 മിനിറ്റ് കൊണ്ട് അനിരുദ്ധ് ഈണം ചിട്ടപ്പെടുത്തി നൽകി

വർഷം 2011, ചെന്നൈ എ.എം സ്റ്റുഡിയോയിൽ ഒരു പാട്ടിന് തയ്യാറെടുക്കുകയാണ് നടൻ ധനുഷ്..., ധനുഷ് തുടങ്ങി, യൊ ബോയ്‌സ് അയാം സിങ് സോങ്.. ആ പാട്ടിന്റെ കമ്പോസറായ ടീനേജ് പയ്യൻ കീബോർഡിൽ ഒരു നോട്ട് വായിച്ചു. ഏറെ തഴക്കം വന്ന സംഗീത സംവിധായകരെ പോലെയായിരുന്നു അപ്പോൾ അവന്റെ ശരീര ചലനം പോലും. തൊട്ടടുത്തിരുന്ന ഐശ്വര്യ രജനീകാന്തും ശ്രുതി ഹാസനും അത്ഭുതമെന്നപോൽ അവന്റെ വിരൽ ചലനങ്ങൾ നോക്കി നിന്നു. പിന്നീട് നടന്നത് ചരിത്രം. ഇന്ത്യ 2011ൽ ലോകത്തിനു നൽകിയ ഏറ്റവും വലിയ വൈറൽ ഹിറ്റാണ് വൈ ദിസ് കൊലവെറി. ഇതുവരെ 42 കോടിയിലേറെ ആളുകളാണ് പാട്ടിന്റെ ഒരു പതിപ്പ് മാത്രം യൂടൂബില്‍ കണ്ടത്. ആ ടീനേജ് പയ്യന്‍ പിന്നീട് തെന്നിന്ത്യയിലെ ഒരു ബ്രാന്‍ഡായി മാറി- റോക്ക് സ്റ്റാർ, അനിരുദ്ധ് രവിചന്ദ്ര്.


21-ാം വയസിൽ അരങ്ങേറ്റം, ആദ്യ പാട്ടിന് തന്നെ ലോകം മുഴുവൻ ആരാധകരും യൂട്യൂബിന്റെ ഗോൾഡൻ ബട്ടനും, ചെയ്ത പാട്ടുകളെല്ലാം ഹിറ്റാക്കിയ സംഗീത സംവിധായകൻ. ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം 10 കോടി. റാപ്പും ഫോക്കും മെലഡിയുമെല്ലാം ഒത്തിണങ്ങിയ അനിരുദ്ധിൻറെ ഗാനങ്ങൾ ഒന്നൊന്നായി ഹിറ്റ് ചാർട്ടിൽ ഇടം നേടി. യൂടൂബില്‍ ട്രെൻഡിങ്ങിൽ ഒന്നാമതത്തെത്തിയ അനിരുദ്ധിൻറെ ഗാനങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.

നടൻ രവിചന്ദ്ര് രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനായി 1990 ഒക്ടോബർ 16ന് ചെന്നൈയിലാണ് അനിരുദ്ധിന്റെ ജനനം. രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദരനാണ് അനിരുദ്ധിന്റെ അച്ഛൻ. മുത്തച്ഛൻ കൃഷ്ണ സുബ്രമണ്യൻ 1930കളിൽ തമിഴിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമാതാക്കളിലൊരാളായിരുന്നു. സ്‌കൂൾ പഠന കാലത്ത് തന്നെ മ്യൂസിക് മാത്രമായിരുന്നു കുഞ്ഞ് അനിരുദ്ധിന്റെ സിരകളിൽ മുഴുവൻ. അച്ഛന്റെ കൈപിടിച്ച് രജനി തകർത്ത് അഭിനയിച്ച ബാഷ എന്ന ചിത്രം കാണാൻ പോകുമ്പോൾ കുഞ്ഞ് അനിരുദ്ധിന് അഞ്ച് വയസാണ് പ്രായം.


രജനി ചിത്രങ്ങളെല്ലാം കുടുംബത്തോടൊപ്പം അനിരുദ്ധ് കാണുമായിരുന്നു. തലൈവർ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ ഇടിവെട്ട് ബാക്ക് ഗ്രൗണ്ട് സ്‌കോറിന് അവൻ എഴുന്നേറ്റ് നിന്നാണ് കയ്യടിച്ചിരുന്നത്. ഒരിക്കൽ തലൈവർക്ക് വേണ്ടി മ്യൂസിക് ചെയ്യുമെന്ന് അവൻ സ്വപ്നം കണ്ടു. കാലം അനിരുദ്ധിനെ കൊണ്ട് തലൈവർക്കായി മ്യൂസിക് ചെയ്യിപ്പിച്ചു. പേട്ടയിലെ രജനിയെ അനിരുദ്ധിന്റെ മ്യൂസിക്കിലൂടെ ജനം കണ്ടു.


സ്‌കൂളിലെ മ്യൂസിക് ബാൻഡ് സംഘത്തിൽ കയറിപ്പറ്റാനായിരുന്നു അനിരുദ്ധിന്റെ ആദ്യ ശ്രമം. അത് വിജയം കണ്ടു. ചെന്നൈയിലെ പ്രശസ്തമായ ടിവി മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് അനിരുദ്ധിന്റെ സ്‌കൂൾ ടീം സെലക്ടായി. ആ റിയാലിറ്റി ഷോയുടെ വിധി കർത്താക്കളിൽ ഒരാൾ സാക്ഷാൽ എ. ആർ റഹ്മാനായിരുന്നു. റഹ്മാന് മുന്നിൽ അനിരുദ്ധും സംഘവും പാടി. അന്ന് റഹ്മാന് മുന്നിൽ പാടിയ പയ്യൻ ഇന്ന് റഹ്മാനേക്കാൾ ശമ്പളം വാങ്ങുന്ന മ്യൂസിക് ഡയറക്ടറായെന്നാണ് പിന്നണി വർത്തമാനം. റഹ്മാൻ ഒരു ചിത്രത്തിനായി വാങ്ങുന്നത് എട്ട് കോടിയാണെന്നും ജവാന് അനിരുദ്ധ് വാങ്ങിയ പ്രതിഫലം 10 കോടിയാണെന്നുമൊക്കെയാണ് വാർത്തകൾ. അത് എന്ത് തന്നെ ആയാലും ബിഗ് ബജറ്റ് സിനിമകളിൽ ഒഴിച്ചുകൂടാനാവാത്ത പേരായി അനിരുദ്ധ് രവിചന്ദർ മാറി എന്നതാണ് സത്യം. അത്രയേറെ ഹിറ്റുകളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ യുവ മ്യൂസിക് ഡയറക്ടർ നേടിയത്. സിനിമയുടെ പ്രമോഷന് അനിരുദ്ധിന്റെ ട്രാക്കുകൾ വലിയൊരു അളവിൽ സഹായിക്കുന്നുണ്ട് എന്നതാണ് വാസ്തവം.സ്‌കൂളിലെ മ്യൂസിക് ബാന്റിലെ സാന്നിധ്യവും റിയാലിറ്റി ഷോയിലെ വിജയവും അനിരുദ്ധിന് വീട്ടിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. മ്യൂസിക്കിൽ ക്ലിക്കായില്ലെങ്കിൽ എംബിഎക്ക് പോയിക്കോളാം എന്ന് അനിരുദ്ധ് വീട്ടുകാർക്ക് ഉറപ്പ്‌കൊടുത്തിരുന്നു. അച്ഛന്റെ സഹോദരി പുത്രി ഐശ്വര്യ രജനീകാന്ത് ആ ഇടക്ക് ഷോട്ട് ഫിലിമുകൾ ചെയ്യുമായിരുന്നു. അതിന് വേണ്ടി അനിരുദ്ധ് മ്യൂസിക് ചെയ്തു. ലയോള കോളേജിലെ ബിരുദ പഠനത്തിന് ശേഷം അനിരുദ്ധ് ലണ്ടനിലേക്ക് വിമാനം കയറി. ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോ പഠിച്ചു. അവിടെ ഒരു ഫ്യൂഷൻ ബാൻഡിന്റെ ഭാഗമായി. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ചെന്നൈയിലെ സൗണ്ട്ടെക്-മീഡിയയിൽ നിന്ന് സൗണ്ട് ഡിസൈനിംഗ് കോഴ്സ് പഠിച്ചു.


ആയിടക്കാണ് ഐശ്വര്യ രജനീകാന്ത് 'ത്രീ' എന്ന ചിത്രം ഒരുക്കുന്നത്. ത്രീയിലെ പാട്ടുകൾ ചെയ്യാൻ ഐശ്വര്യക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് കൊലവെറി ഉണ്ടാവുന്നത്. പരാജയപ്പെട്ട പ്രണയത്തെക്കുറിച്ചുള്ള ഒരു ചെറിയ ഗാനം വേണമെന്നാണ് ഐശ്വര്യ അനിരുദ്ധിനോട് പറയുന്നത്. ഏകദേശം 10 മിനിറ്റ് കൊണ്ട് അനിരുദ്ധ് ഈണം ചിട്ടപ്പെടുത്തി നൽകി. ദനുഷ് വരികളെഴുതി. ആദ്യ ചിത്രത്തിലെ ആദ്യ പാട്ട്. പാട്ടിന്റെ സിഡി ഇറങ്ങുന്നതും മ്യൂസിക് അനിരുദ്ധ് രവിചന്ദർ എന്ന് ഉണ്ടാവുമെന്നും ആളുകൾ അത് താൽപര്യത്തോടെ വായിക്കുമെന്നും തന്റെ കൂട്ടുകാർക്ക് ഇത് താൻ കമ്പോസ് ചെയ്ത പാട്ടിന്റെ സിഡിയാണെന്ന് പറഞ്ഞ് നൽകുന്നതും ആ സ്റ്റുഡിയോയിലിരുന്ന് അനിരുദ്ധ് സ്വപ്നം കണ്ടു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. പാട്ട് ലീക്കായി. അങ്ങനെയാണെങ്കിൽ ഓൺലൈനായി പാട്ട് റിലീസ് ചെയ്യാമെന്ന് ഐശ്വര്യ രജനീകാന്ത് തീരുമാനിച്ചു. അനിരുദ്ധിന് സങ്കടം സഹിക്കാനായില്ല തന്റെ സ്വപ്നങ്ങൾ എല്ലാം തകരുന്നു എന്ന് തോന്നിപ്പോയ നിമിഷം പക്ഷേ പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. യു ട്യൂബിനെ തീപിടിപ്പിച്ച് കൊലവെറി കുതിച്ചു. സ്വപ്നം കാണാൻ പറ്റാത്ത കുതിപ്പ്. കൊലവെറി ട്രാക്ക് ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി, യൂട്യൂബിൽ കൊടുങ്കാറ്റായി മാറിയ ഈ ഗാനത്തിനൊപ്പം അനിരുദ്ധും ശ്രദ്ധ നേടി. അപ്പോൾ അനിരുദ്ധിന്റെ പ്രായം വെറും 21 വയസായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിലും അദ്ദഹം പ്രവർത്തിച്ചു.


കൊലവെറി ഭാഗ്യം കൊണ്ടു മാത്രം ഹിറ്റായതല്ലെന്ന് പിന്നീടുള്ള വർഷങ്ങളിൽ അനിരുദ്ധ് തെളിയിച്ചു. സൂപ്പർഹിറ്റുകളുടേയും ബിജിഎമ്മുകളുടേയും ഒരു ബ്രാൻഡായി അനിരുദ്ധ് മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 2012ൽ ഡേവിഡ്, എതിർനീച്ചൽ, 2013 ൽ വണക്കം ചെന്നൈ, ഇരണ്ടം ഉലകം, 2014ൽ കാക്കി സട്ടൈ, മാരി തുടങ്ങിയ ചിത്രങ്ങൾക്കു സംഗീതമൊരുക്കി. തുടർന്ന് നാനും റൗഡിതാൻ, വിവേകം, റെമോ, വേതാളം, തങ്കമകൻ എന്നീ ചിത്രങ്ങളിലെ സംഗീതവും ശ്രദ്ധിക്കപ്പെട്ടു. ധനുഷ് നായകനായ വേലയില്ലാ പട്ടധാരിയിലൂടെ മികച്ച സംഗീത സംവിധായാകനുള്ള ഫിലിംഫെയർ അവാർഡ് അനിരുദ്ധിനെ തേടിയെത്തി.

അനിരുദ്ധിന്റെ കരിയറിലെ നിർണായകമായ മറ്റൊരു നിമിഷം വിജയ് ചിത്രം കത്തിയ്ക്കു വേണ്ടി സംഗീതമൊരുക്കിയതാണ്. ചിത്രത്തിലെ 'സെൽഫി പുള്ള' എന്ന ട്രാക്ക് ഹിറ്റായി. 2021നു ശേഷം അനിരുദ്ധിന്റെ ട്രാക്ക് മറ്റൊരു ദിശയിലേക്കാണ് മാറിയത്. മാസ്റ്റർ, ഡോക്ടർ, ബീസ്റ്റ്, ഡോൺ, വിക്രം തുടങ്ങി ഏറ്റെടുത്ത സിനിമകളിലെല്ലാം പാട്ടുകൾ സൂപ്പർഹിറ്റാക്കാൻ അനിരുദ്ധിനു സാധിച്ചു. വിക്രം സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ കമൽഹാസൻ അനിരുദ്ധിനെ വിശേഷിപ്പിച്ചത് 'ദ് ചൈൽഡ് ഓഫ് ടെക്‌നോളജി' എന്നാണ്. 21 ഓളം ബിജിഎമ്മുകളുമാണ് വിക്രമിൽ അനിരുദ്ധ് പരീക്ഷിച്ചത്. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ബീസ്റ്റിലെ ഗാനം മണിക്കൂറുകൾക്കകം ഒന്നര കോടിയിലേറെ കാഴ്ചക്കാരെ നേടി. തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡും ഈ പാട്ടിനു സ്വന്തമായി. യുവാൻ ശങ്കർ രാജയുടെ സംഗീതത്തിൽ ധനുഷും സായ് പല്ലവിയും തകർത്താടിയ 'റൗഡി ബേബി'യുടെ റെക്കോർഡ് ആണ് 'അറബിക് കുത്ത്' തകർത്തത്. തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചതാണ് 2023 ലെ അനിരുദ്ധിന്റെ മറ്റൊരു നേട്ടം.. ഏറെ ഇഷ്ടത്തോടെയാണ് തന്റെ നായകൻ കിംഗ് ഖാനായി അനിരുദ്ധ് സംഗീതമൊരുക്കിയത്.


ജയിലർ ലോകമെമ്പാടും ഹിറ്റ് ആവുമ്പോൾ ആ 33 കാരൻ അന്ന് ബാഷക്ക് കയ്യടിച്ച അഞ്ച് വയസുകാരനിലേക്ക് മാറി. ഒരു തലൈവർ ആരാധകന്റെ സർവ്വവും ആവാഹിച്ചുള്ള. മ്യൂസിക് ആയിരുന്നു ജയിലറിലേത്. 'തലൈവർ നിരന്തരമെന്നും' 'ഉസ്‌രകൊടുക്ക കോടിപ്പേര്..' എന്ന വരികളും അവന്റെ മ്യൂസിക്കിന്റെ പവറിൽ തീതുപ്പി. ജയിലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനിക്കും നെൽസണുമൊപ്പം ആ കറുത്ത കോട്ടിട്ട് അനിരുദ്ധും ഉണ്ടായിരുന്നു. ആ ഫസ്റ്റ് ലുക്ക് തമിഴിൽ പുതിയ ട്രെൻഡിന് തുടക്കമിടുന്നതായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് മ്യൂസിക് എന്നുള്ള നെൽസന്റെ പറച്ചിലായിരുന്നു അത്. ആ പറഞ്ഞതിന്റെ ആയിരം മടങ്ങാണ് ജയിലറിലെ അതി ഗംഭീര ബിജിഎമ്മും പാട്ടുകളും തിയറ്ററിൽ സൃഷ്ടിച്ചത്. ദർബാറിലും പേട്ടയിലും തലൈവർക്കായി ഒരുക്കിയതിന്റെ അപ്പുറമൊന്ന് ഒരുക്കി ആ ഫാൻ ബോയ് തലൈവരോട് തന്റെ ഇഷ്ടം പ്രകടിപ്പിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനിയുടെ 170-ാം സിനിമയിലും അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.കൂടാതെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിൻറെ 171-ാം ചിത്രവും അനിരുദ്ധിന്റെ പാട്ടുകളോടെയാണ് പുറത്തിറങ്ങുക.


കരിയറിലെ ഉയർച്ചയ്ക്ക് ഒപ്പം തന്നെ അനിരുദ്ധിന്റെ വ്യക്തിജീവിതവും ശ്രദ്ധ നേടിയിരുന്നു. നടി ആൻഡ്രിയ ജെർമിയയുമായുള്ള അനിരുദ്ധിന്റെ പ്രണയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് അനിരുദ്ധിന് 22 വയസ്സും ആൻഡ്രിയയ്ക്ക് 27 വയസ്സുമായിരുന്നു പ്രായം. ഇരുവരും ഒന്നിച്ചുള്ള ചുംബന ചിത്രങ്ങൾ ഓൺലൈനിൽ ലീക്കായതും വലിയ കോലാഹലങ്ങളുണ്ടാക്കി.''ആ ചിത്രങ്ങൾ 18 മാസം പഴക്കമുള്ളതാണ്. ഞാനും അനിരുദ്ധും അതിൽ ലജ്ജിക്കുന്നില്ല. ഞങ്ങൾ പങ്കിട്ട മനോഹരമായൊരു ബന്ധമായിരുന്നു അത്. പക്ഷേ ഞങ്ങൾക്കത് ഉപേക്ഷിക്കേണ്ടി വന്നു,'' എന്നാണ് ആ ചിത്രങ്ങളെ കുറിച്ച് പിന്നീട് ആൻഡ്രിയ പറഞ്ഞത്.

മ്യൂസിക് ഡയറക്ടർ മാത്രമല്ല തിരക്കുള്ള പാട്ടുകാരൻ കൂടിയാണ് ഈ റോക്ക് സ്റ്റാർ. സംഗീത സംവിധാനത്തിന് റെക്കോർഡ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും പാട്ട് പാടുന്നതിന് ഒരു രൂപ പോലും വാങ്ങാറില്ലെന്നതാണ് അനിരുദ്ധിന്റെ മറ്റൊരു പ്രത്യേകത. ''സംഗീതമാണ് ജീവിതമെങ്കിലും പാട്ട് പാടാൻ ആത്മവിശ്വാസമുള്ള ആളായിരുന്നില്ല താൻ. ട്രാക്ക് പാടിയ ഒരു ഗാനം മറ്റൊരാളെ കൊണ്ട് പാടിക്കാൻ സംവിധായകൻ തയാറാകാതിരുന്നത് കൊണ്ട് മാത്രം ഗായകനായി മാറിയതാണ്. ആ പാട്ടിന് മികച്ച അഭിപ്രായം ലഭിച്ചതോടെ പതുക്കെ പതുക്കെ ആത്മവിശ്വാസം വന്ന് തുടങ്ങി. എന്റെ ശബ്ദം കൊള്ളാമെന്ന് തോന്നി തുടങ്ങി. അതിന് ശേഷമാണ് ഞാൻ ചിട്ടപ്പെടുത്തുന്ന ഗാനങ്ങളും പാടി തുടങ്ങിയത്. എനിക്ക് മറ്റുള്ളവർക്ക് വേണ്ടി പാടാൻ ഇഷ്ടമാണ്. അങ്ങനെ മാത്രമേ എനിക്ക് മറ്റൊരു സംഗീത സംവിധായകൻ ഒരു ഗാനത്തെ എങ്ങനെ സമീപിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കൂ'' അനിരുദ്ധ് പറയുന്നു.


സംഗീതത്തെ സാങ്കേതിക സംവിധാനങ്ങളുമായി സമന്വയിപ്പിക്കുന്നൊരു മാജിക്കുണ്ട് അനിരുദ്ധിന്റെ പാട്ടുകളിൽ. സാങ്കേതികതയും സംഗീതവും തമ്മിലുള്ള ഈ രസതന്ത്രം പാകപ്പെടുത്തുന്നതിലാണ് അനിരുദ്ധിന്റെ പാട്ടുകളുടെ വിജയഫോർമുല. എ.ആർ.റഹ്മാന് പകരക്കാരനായി ഇന്ത്യൻ 2വിന്റെ ചുമതല ശങ്കർ അനിരുദ്ധിനെ ഏൽപ്പിച്ചതിലും അത്ഭുതപ്പെടാനില്ല. താൻ ഏറെ ആരാധിക്കുന്ന മ്യൂസിക് ലെജന്റിന്റെ പകരക്കാരനായി തെരഞ്ഞെടുത്തത് അനിരുദ്ധിന് കാലം കാത്തുവെച്ച് നൽകിയ സമ്മാനമാണ്. കുടുംബപാരമ്പര്യം കൊണ്ട് സിനിമയിേലക്കുള്ള എൻട്രി എളുപ്പമായെങ്കിലും സംഗീതവഴിയിൽ അനിരുദ്ധ് എന്ന മ്യുസിഷൻ മേൽവിലാസം ഉണ്ടാക്കിയത് പ്രതിഭയും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്.


Similar Posts