ആറ് ഗര്‍ഭിണികളുടെ കഥയുമായി അഞ്ജലി മേനോന്; 'വണ്ടര്‍ വുമണില്‍' പുരുഷ താരങ്ങള്‍ ആരുമില്ല
|പദ്മ പ്രിയയും നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍' ചിത്രം പറയുന്നത് ആറ് ഗര്‍ഭിണികളുടെ കഥ. പാര്‍വതി തിരുവോത്തും നിത്യ മേനോനും സയനോരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിക്കുന്ന ചിത്രത്തില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്മ പ്രിയയും നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം കോഴിക്കോട്ടും പരിസര പ്രദേശങ്ങളുമായി 12 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി.
സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'വണ്ടര്‍ വുമണ്‍'. ചിത്രത്തിന് വേണ്ടി താരങ്ങളായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ നടത്തിയ പ്രമോഷന് വലിയ ചര്‍ച്ചയായിരുന്നു. പ്രഗ്നന്‍സി ടെസ്റ്റില്‍ പോസിറ്റീവ് ആയിരിക്കുന്ന ചിത്രം 'വണ്ടര്‍ ബിഗിന്‍സ്' എന്ന തലക്കെട്ട് നല്‍കിയാണ് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പലരും സിനിമാ പ്രചാരണമാണെന്ന് തിരിച്ചറിയാതെ താരങ്ങള്‍ക്ക് ആശംസയറിയിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ സിനിമാ പ്രചാരണമാണെന്ന വാര്‍ത്ത പുറത്തുവന്നു.
സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. 'ഏദന്‍', 'ജോസഫ്', 'ഇലവീഴാ പൂഞ്ചിറ' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദൃശ്യാവിഷ്കാരം നിര്‍വ്വഹിച്ച മനീഷ് മാധവന് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ 'കൂടെ'യ്ക്ക് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വണ്ടര്‍ വുമണ്‍'.