അന്ന രാജനെ പൂട്ടിയിട്ട സംഭവം: പരാതി ഒത്തുതീര്‍പ്പാക്കി
|ആലുവയിലെ വി ടെലികോം ഫാക്ടറിയില്‍ ഇന്ന് വൈകുന്നേരം 4.45നാണ് അന്ന രേഷ്മ രാജനെ പൂട്ടിയിട്ടത്
കൊച്ചി: നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം കമ്പനി പൂട്ടിയിട്ട പരാതി ഒത്തുതീര്‍പ്പാക്കി. ജീവനക്കാരന്‍ മാപ്പ് പറഞ്ഞതിനാലാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് അന്ന രാജന്‍ പറഞ്ഞു.
ആലുവയിലെ വി ടെലികോം ഫാക്ടറിയില്‍ ഇന്ന് വൈകുന്നേരം 4.45നാണ് അന്ന രേഷ്മ രാജനെ പൂട്ടിയിട്ടത്. മൊബൈല്‍ സിം പോര്‍ട്ട് ചെയ്യാനെത്തിയ തന്നോട് ജീവനക്കാരന്‍ മോശമായി പെരുമാറുകയായിരുന്നെന്നാണ് അന്ന രാജന്‍ പറഞ്ഞത്. മോശമായി പെരുമാറിയ ജീവനക്കാരന്‍റെ ഫോട്ടോ എടുത്തതായും താരം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം അന്ന രാജന്‍ കൗൺസിലറെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൗൺസിലറും പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് ഷട്ടർ ഉയർത്തി അന്ന രാജനെ പുറത്തെത്തിച്ചത്.
'അങ്കമാലി ഡയറീസി'ലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. 'വെളിപ്പാടിന്‍റെ പുസ്തകം', 'ലോനപ്പന്‍റെ മാമോദീസ', 'മധുര രാജ', 'അയ്യപ്പനും കോശിയും' എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.