Entertainment
Anupam Kher says am a bit jealous after watching Aadujeevitham teaser
Entertainment

'ഞാൻ അതിലില്ലല്ലോ എന്ന അസൂയയാണ് ആടുജീവിതത്തോട്'; പ്രശംസിച്ച് അനുപം ഖേർ

Web Desk
|
6 Dec 2023 12:22 PM GMT

അനുപം ഖേറിന്റെ ട്വീറ്റിന് ബ്ലെസി നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസ്സി ഒരുക്കുന്ന ചിത്രം ആടുജീവിതത്തിന് പ്രശംസയുമായി ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. ബ്ലെസ്സിയെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച അനുപം ഖേർ ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കാത്തതിൽ തനിക്ക് ചെറിയ അസൂയയുണ്ടെന്നും തമാശരൂപേണ കുറിച്ചു. ചിത്രത്തിന്റെ ടീസർ പങ്കുവച്ചായിരുന്നു ട്വിറ്ററിൽ അദ്ദേഹത്തിന്റെ കുറിപ്പ്.

"പ്രിയപ്പെട്ട ബ്ലെസി സർ, നിങ്ങളോടൊപ്പം പ്രണയത്തിൽ വർക്ക് ചെയ്യാൻ സാധിച്ചതിന് എന്നെന്നും കടപ്പെട്ടിരിക്കും. ആടുജീവിതത്തിന്റെ ടീസർ കണ്ടതിൽ പിന്നെ എനിക്കസൂയ ആണ്. അതിൽ ഞാനില്ലല്ലോ എന്നോർത്ത്. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും". അനുപം ഖേർ കുറിച്ചു.

അനുപം ഖേറിന്റെ ട്വീറ്റിന് ബ്ലെസി നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്. "അങ്ങയെപ്പോലെ അനുഭവസമ്പത്തുള്ള നടനിൽ നിന്ന് ലഭിക്കുന്ന ഇത്തരം അഭിനന്ദങ്ങൾ ചിത്രത്തിന് നൽകുന്ന പിന്തുണയും സ്‌നേഹവും ചെറുതല്ല. അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം അങ്ങയെപ്പോലെ കാഴ്ചക്കാരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു". അനുപത്തിന്റെ പോസ്റ്റ് പങ്കു വച്ച് ബ്ലെസി ഫേസ്ബുക്കിൽ കുറിച്ചു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ചു വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ വേറിട്ടു നിൽക്കുന്നു. കേരളത്തിലെ സുഖസൗകര്യങ്ങളിൽനിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ആടുജീവിതം പറയുന്നത്.

''ആടുജീവിതം സാർവത്രിക ആകർഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലർത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാൾ വിചിത്രമാണ് സത്യം. ഈ ചിത്രം പൂർണ്ണമായും തീയറ്റർ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ 'മാഗ്‌നം ഓപ്പസ്' ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' ബ്ലെസി പറയുന്നു.

Similar Posts