ആമസോണും നെറ്റ്ഫ്‌ളിക്‌സുമായി 400 കോടിയുടെ കരാറിലേർപ്പെട്ട് അനുഷ്‌ക ശർമ്മ
|അനുഷ്കയുടെ പുതിയ ചിത്രം ചക്‌ദേ എക്‌സ്പ്രസ് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.
അനുഷ്‌ക ശർമ്മയുടെ നിർമാണ കമ്പനി ക്ലീൻ സ്ലേറ്റ് ഫിലിംസുമായി 54 ദശലക്ഷം യുഎസ് ഡോളറിന്റെ (400 കോടിയിലേറെ ഇന്ത്യൻ രൂപ) കരാറിലേർപ്പെട്ട് ആമസോണും നെറ്റ്ഫ്‌ളിക്‌സും. സഹോദരൻ കർനേഷ് ശർമ്മയുമായി ചേർന്ന് മുംബൈ ആസ്ഥാനമായി 2013ലാണ് അനുഷ്‌ക ക്ലീൻ സ്ലേറ്റ് ഫിലിംസ് സ്ഥാപിച്ചത്.
അടുത്ത 18 മാസത്തിനുള്ളിൽ ഈ പ്ലാറ്റ്‌ഫോമുകളിൽ എട്ടു സിനിമകളും വെബ് സീരീസുകളുമൊരുക്കുമെന്ന് കർണേഷ് പറഞ്ഞു. ആദ്യഘട്ടത്തിൽ ക്ലീൻ സ്റ്റേറ്റ് ഫിലിംസ് നിർമിക്കുന്ന മൂന്നു പ്രൊജക്ടിൽ ആമസോൺ സഹകരിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ വനിതാ പേസർ ജുലൻ ഗോസ്വാമിയുടെ കഥ പറയുന്ന ചക്‌ദേ എക്‌സ്പ്രസ് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.പ്രൊസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യയിലെ സിനിമാ വിപണി പിടിക്കുന്നതിന്റെ ഭാഗമായാണ് നെറ്റ്ഫ്‌ളിക്‌സും ആമസോണും രാജ്യത്തെ നിർമാണ കമ്പനികളിൽ കൂടുതൽ മുതൽ മുടക്കുന്നത്. ഈയിടെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ അറുപത് ശതമാനത്തോളം കുറച്ചിരുന്നു.