'വാമിക മാധ്യമങ്ങളിൽ നിന്ന് സ്വതന്ത്രമായി ജീവിക്കട്ടെ'; മകളുടെ ചിത്രം പ്രസിദ്ധീകരിക്കാത്തതിന് നന്ദി പറഞ്ഞ് അനുഷ്ക
|എന്താണ് സോഷ്യൽ മീഡിയ എന്ന് മനസിലാക്കുന്നത് വരെ അവളെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്താൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
മകളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാതിരുന്നതിന് ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞു അനുഷ്ക ശർമ. ഇൻസ്റ്റാഗ്രാമിൽപങ്കുവെച്ച കുറിപ്പിലാണ് ഇനിയും തങ്ങളെ പിന്തുണയ്ക്കണമെന്ന് അനുഷ്ക അഭ്യർത്ഥിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുന്ന സമയത്ത് ടീം ബസിൽ നിന്നിറങ്ങി കോഹ്ലി മാധ്യമങ്ങളോടും മകളുടെ ചിത്രമെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
''ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു, മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ അവൾക്ക് അവസരം നൽകാൻ പരമാവധി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൾക്ക് പ്രായമായൽ ഞങ്ങൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയില്ല, അതുകൊണ്ട് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ദയവു ചെയ്ത് ഈ വിഷയത്തിൽ സംയമനം പാലിക്കുക. ചിത്രങ്ങൾ പോസ്റ്റ് ചെയ്യാതിരുന്ന ഫാൻ ക്ലബ്ബുകൾക്കും സോഷ്യൽ മീഡിയയിൽ ഉള്ളവർക്കും പ്രത്യേക നന്ദി.'' ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനുഷ്ക കുറിച്ചു.
2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. എന്താണ് സോഷ്യൽ മീഡിയ എന്ന് മനസിലാക്കുന്നത് വരെ അവളെ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി നിർത്താൻ ഞങ്ങൾ തീരുമാനിച്ചുവെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം വാമിക ജനിച്ച വിവരം അറിയിച്ചുകൊണ്ടുള്ള കോഹ്ലിയുടെ ട്വീറ്റിനാണ് 2021ൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്. 5,40,700 ലൈക്കാണ് കോഹ്ലി തന്റെ മകൾ വാമിക ജനിച്ച സന്തോഷ വാർത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റിന് ലഭിച്ചത്. 2020ലും കോലിയുടെ ട്വീറ്റിനായിരുന്നു ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരുന്നത്. അനുഷ്ക ഗർഭിണിയായി എന്നുള്ള കോഹ്ലിയുടെ ട്വീറ്റിനായിരുന്നു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്.
— Virat Kohli (@imVkohli) January 11, 2021