''ചേച്ചിക്ക് ഇതിനെപ്പറ്റി ഒരു ധാരണയില്ലാതെയാണ് ഞാൻ വന്നത്'; അവാർഡിൽ സ്വയം ട്രോളി അപർണ
|'ഉത്തരം' സിനിമയുടെ ചിത്രീകരണ സെറ്റില്‍ വെച്ചാണ് അപര്‍ണ മാധ്യമങ്ങളെ കണ്ടത്
പാലക്കാട്: വളരെ അപ്രതീക്ഷിതമായി വന്ന മേഖല ആയതുകൊണ്ട് ഒരു ധാരണയുമില്ലാതെയാണ് സിനിമാ മേഖലയില്‍ എത്തിപ്പെട്ടതെന്ന് നടി അപര്‍ണ ബാലമുരളി. പുരസ്കാര നേട്ടത്തില്‍ എല്ലാ നന്ദിയും സംവിധായിക സുധ കൊങ്കരക്ക് സമര്‍പ്പിക്കുന്നതായും അപര്‍ണ പറഞ്ഞു.
അപര്‍ണയുടെ വാക്കുകള്‍:
സത്യം പറഞ്ഞാൽ പറയാൻ പറ്റുന്നില്ല ഒന്നും. ഈയൊരു അനുഭവം തന്നെ ആദ്യമാണ്. എല്ലാവർക്കും നന്ദി. ഇതുവരെ വന്നിട്ട് വെറുതെ ആവുമോ എന്ന് ഞാൻ ചോദിക്കുന്നുണ്ട്. അവാർഡ് കിട്ടണമെന്ന് ഡയറക്ടർക്ക് ആഗ്രഹമുണ്ടായിരുന്നു. സുധ മാം അത്രയും ജോലി ചെയ്തിട്ടുണ്ട്. സുധ മാം എന്നിലർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്. ഒരു കലാകാരിയെന്ന നിലയിൽ എനിക്ക് സമയം തന്നു. അപ്രതീക്ഷിതമായി വന്നൊരു ഫീൽഡാണ്. ഒരുപാട് പഠിക്കാനുണ്ട്. ചേച്ചിക്ക് ഇതിനെപ്പറ്റി ഒരു ധാരണയില്ലാതെയാണ് ഞാൻ വന്നത്. ആ ധാരണക്കുറവൊക്കെ മാറ്റി ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഒരുപാട് നന്ദി എല്ലാവർക്കും.
'ഉത്തരം' സിനിമയുടെ ചിത്രീകരണ സെറ്റില്‍ വെച്ചാണ് അപര്‍ണ മാധ്യമങ്ങളെ കണ്ടത്. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തത്. നുപുര്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ദേശീയ പുരസ്കാരങ്ങൾ തെരഞ്ഞെടുത്തത്.
മികച്ച നടിക്കും സഹനടനും സംവിധായികയ്ക്കും ഉള്‍പ്പെടെ 11 പുരസ്കാരങ്ങളാണ് മലയാളം ദേശീയ തലത്തില്‍ സ്വന്തമാക്കിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും സിനിമയിലൂടെ സംവിധായകനായ സച്ചി നേടി. ബിജു മേനോനാണ് മികച്ച സഹനടന്‍. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനും ലഭിച്ചു. മികച്ച സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരവും മലയാളം സ്വന്തമാക്കി. അയ്യപ്പനും കോശിയും സിനിമയുടെ സംഘട്ടന സംവിധാനത്തിന് മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് പുരസ്കാരം നേടിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം അനീസ് നാടോടിയും പ്രത്യേക ജൂറി പുരസ്കാരം വാങ്കും നേടി.