തിയേറ്ററിൽ ലഭിക്കാതെ പോയ കയ്യടികൾ ഒ.ടി.ടിയിൽ; കാത്തിരിപ്പിനൊടുവിൽ 'അദൃശ്യം' ആമസോണിലെത്തി
|പതിനഞ്ച് കോടിയോളം മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം പക്ഷെ തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപെട്ടിരുന്നില്ല
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാക്ക് ഹാരിസ് ഒരുക്കിയ അദൃശ്യത്തിന് ഒ.ടി.ടി. റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങൾ. പതിനഞ്ച് കോടിയോളം മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം പക്ഷെ തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപെട്ടിരുന്നില്ല.
എന്നാൽ ഒ.ടി.ടി റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ നവംബർ 18നായിരുന്നു ചിത്രം റിലീസ് ചെയ്തത്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രം ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മിച്ചത്.
കയൽ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്.
പരിയേറും പെരുമാൾ ഫെയിം കതിർ, നരേൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് കഥ. ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.