Entertainment
സിബിഐ സീരീസിലെ മമ്മൂട്ടി തീം മ്യൂസികിന് പിന്നില്‍ എ.ആര്‍ റഹ്മാന്‍; വെളിപ്പെടുത്തലുമായി എസ്.എന്‍ സ്വാമി
Entertainment

"സിബിഐ സീരീസിലെ മമ്മൂട്ടി തീം മ്യൂസികിന് പിന്നില്‍ എ.ആര്‍ റഹ്മാന്‍"; വെളിപ്പെടുത്തലുമായി എസ്.എന്‍ സ്വാമി

ijas
|
22 Feb 2022 1:45 PM GMT

"സേതുരാമയ്യര്‍ എന്ന കഥാപാത്രമായി വരുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു ബി.ജി.എം വേണമെന്ന് മമ്മൂട്ടിക്കായിരുന്നു നിര്‍ബന്ധം"

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലുള്ള സിബിഐ സീരീസുകളിലെ തീം മ്യൂസിക്കിന് പിന്നില്‍ എ.ആര്‍ റഹ്മാനാണെന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തിന്‍റെ സ്വഭാവം തന്നെ നിര്‍ണയിക്കുന്ന തീ മ്യൂസിക്കിന് പിന്നിലെ കഥ വെളിപ്പെടുത്തിയത്. മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ എന്ന രമേശ് പുതിയമഠം രചിച്ച പുസ്തകത്തിലാണ് എസ്.എന്‍ സ്വാമി സേതുരാമയ്യറുടെ പിന്നണി ഓര്‍മ്മകള്‍ പങ്കുവെച്ചത്.

എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍:

സേതുരാമയ്യര്‍ എന്ന കഥാപാത്രമായി വരുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു ബി.ജി.എം വേണമെന്ന് മമ്മൂട്ടിക്കായിരുന്നു നിര്‍ബന്ധം. സംഗീത സംവിധായകന്‍ ശ്യാം അതു തന്‍റെ പ്രിയപ്പെട്ട അസിസ്റ്റന്‍റ് ദിലീപിനോടു പറഞ്ഞു. വ്യത്യസ്തമായൊരു ബീറ്റ് വേണം. അങ്ങനെ ദിലീപിന്‍റെ വിരലുകളിലാണ് ആ ബീറ്റ് ആദ്യം പിറന്നുവീണത്. ഒരു സിബിഐ ഡയറിക്കുറുപ്പില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ നടന്നുവരുമ്പോള്‍ കേള്‍ക്കുന്ന ആ ഈണം പിറന്നത് ദിലീപിന്‍റെ വിരല്‍ത്തുമ്പിലാണ്.‍ ശ്യാം ആ ഈണമാണു പിന്നീട് വികസിപ്പിച്ചത്. പില്‍ക്കാലത്ത് ഇതേ ദിലീപാണ് എ.ആര്‍ റഹ്മാനായി മാറിയത്

സിബിഐ സീരിസിലെ ആദ്യ ചിത്രം 1988ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. അന്ന് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രേക്ഷക മനസിൽ ഇടംനേടി. അതോടെ തൊട്ടടുത്ത വർഷം തന്നെ ജാഗ്രത എന്ന പേരിൽ പരമ്പരയിലെ രണ്ടാം ചിത്രമെത്തി. പിന്നീട് 15 വർഷങ്ങൾക്ക് ശേഷം 2004ലാണ് അടുത്ത ഭാഗമായ സേതുരാമയ്യർ സിബിഐ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തൊട്ടടുത്ത വര്‍ഷം നേരറിയാൻ സിബിഐ തിയേറ്ററുകളിലെത്തി. അഞ്ചാം ഭാഗമുണ്ടാകുമെന്ന് അക്കാലത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും 13 വർഷത്തിനിപ്പുറമാണ് അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം തുടങ്ങിയത്. മലയാളത്തില്‍ ഒരു ചിത്രത്തിന് അഞ്ച് സീക്വല്‍ ആദ്യമായാണ്. ജഗതി ശ്രീകുമാറും സിബിഐയുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

Similar Posts