'കോഴിക്കോട്ടെ 'തല്ലുമാല തിരക്ക്' കണ്ടതിന് ശേഷം അര്‍ജുന്‍ കപൂര്‍ വിളിച്ചു'; ടോവിനോ തോമസ്
|ദേശീയ ചാനലില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് അര്‍ജുന്‍ കപൂര്‍ വിളിച്ചതെന്ന് ടോവിനോ
തല്ലുമാലയുടെ റിലീസിന് തൊട്ടുമുമ്പ് കോഴിക്കോട് സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടി തിരക്ക് കാരണം മാറ്റിവെച്ച വാര്‍ത്ത കണ്ട് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ വിളിച്ചിരുന്നതായി ടോവിനോ തോമസ്. പരിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നന്വേഷിക്കാനാണ് വിളിച്ചതെന്നും ടോവിനോ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ ചാനലില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് അര്‍ജുന്‍ കപൂര്‍ വിളിച്ചതെന്നും ടോവിനോ പറഞ്ഞു. തങ്ങള്‍ മുമ്പേ പരിചയമുണ്ടെന്നും ഇടക്ക് മെസേജ് ചെയ്യാറുണ്ടെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു.
തല്ലുമാലയുടേതായി റിലീസിന് മുമ്പേ പുറത്തിറങ്ങിയ ട്രെയിലറിലെ ഡയലോഗ് പരിചയമുള്ളതുകൊണ്ടാണ് കോഴിക്കോട് വലിയ ആള്‍ക്കുട്ടം വന്നിരുന്നതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ടോവിനോ പറഞ്ഞു. അവര്‍ നമ്മോടുള്ള സ്നേഹമാണ് കാണിക്കുന്നത്. ആരും ഉപദ്രവിക്കാന്‍ വേണ്ടി വന്നിട്ടുള്ളവരല്ലെന്നും ടോവിനോ പറഞ്ഞു.
'തല്ലുമാല'യുടെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി അവതരിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ പരിപാടി മാറ്റിവെക്കുകയായിരുന്നു. മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. പിന്നീട് ടോവിനോ തോമസ് തന്നെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്നാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ടോവിനോ സഞ്ചരിച്ച വാഹനത്തിനും തിരക്കില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഓഗസ്റ്റ് പന്ത്രണ്ടിന് തിയറ്ററുകളിലെത്തിയ തല്ലുമാല ബോക്സ് ഓഫീസ് തകര്‍ത്ത് മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നും 40 കോടിയോളം രൂപ ചിത്രം കലക്ഷന്‍ ഇനത്തില്‍ സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും മാത്രം ചിത്രം 20 കോടിക്ക് മുകളില്‍ സ്വന്തമാക്കി. ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാകുന്നതോടെ ചിത്രം ഇനിയും കോടികള്‍ കരസ്ഥമാക്കും.
മണവാളന്‍ വസീമായി ടോവിനോ എത്തിയപ്പോള്‍ വ്ലോഗര്‍ ബീപ്പാത്തുവിനെ അവതരിപ്പിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ലുഖ്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്‍റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് തല്ലുമാല നിര്‍മിച്ചത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്‍മാനാണ്.