'നടി തൃഷയെ അറസ്റ്റ് ചെയ്യണം'; പരാതിയുമായി ഹിന്ദു സംഘടനകള്‍
|അടുത്തിടെ പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണത്തിനിടെ കുതിര ചത്തതും വിവാദം സൃഷ്ടിച്ചിരുന്നു
തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണനെയും സംവിധായകന്‍ മണിരത്നത്തെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ താരം ഇന്‍ഡോറിലെ ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്‍റെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.
ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ ക്ഷേത്രം സന്ദര്‍ശിച്ച തൃഷയുടെ ചിത്രങ്ങള്‍ സമീപത്തുള്ളവര്‍ പകര്‍ത്തുകയായിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ ചിത്രങ്ങളിലാണ് തൃഷ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്നത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നതായി ന്യൂസ് 18 കന്നഡ, സാക്ഷി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണത്തിനിടെ കുതിര ചത്തതും വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പെറ്റ (പീപിള്‍ ഫോര്‍ ദ എത്തികെല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ്) പരാതി നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ മണിരത്നത്തിന്‍റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയും കേസെടുത്തിരുന്നു. സിനിമയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചതിനെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചാണ് കുതിര ചത്തതെന്നാണ് പരാതിയില്‍ പറയുന്നത്.
പൊന്നിയന്‍ സെല്‍വന്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ സംവിധാനത്തില്‍ സിനിമ ഒരുങ്ങുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലാണിത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന പൊന്നിയന്‍സെല്‍വനില്‍ ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ്, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ലാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.. 2022ലാകും പൊന്നിയന്‍ സെല്‍വന്‍ തിയേറ്ററുകളിലെത്തുക.