Entertainment
Anupam Kher/Kangana Ranaut

കങ്കണ റണൗട്ട്/അനുപം ഖേര്‍

Entertainment

കങ്കണ ധീരയായ പെണ്‍കുട്ടി; എന്തുകൊണ്ടാണ് നിങ്ങള്‍ അവളെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് അനുപം ഖേര്‍

Web Desk
|
4 Feb 2023 7:03 AM GMT

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണമെന്നും ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ അഭിനന്ദിച്ച് നടന്‍ അനുപം ഖേര്‍. കങ്കണ ധീരയായ പെണ്‍കുട്ടിയാണെന്നും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണമെന്നും ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.



''എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുപോലെ, എന്തുകൊണ്ടാണ് നമ്മൾ അവൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകാത്തത്? 534 സിനികളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് അവർ എന്ന് ഞാൻ കരുതുന്നു.'' ഖേര്‍ പറഞ്ഞു. രാജ്യം ഖാന്മാരെ സ്‌നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള കങ്കണയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ചും നടന്‍ പറഞ്ഞു. ''"കലയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും മതത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും ഞാൻ കരുതുന്നു.മതത്തെ അടിസ്ഥാനമാക്കിയല്ല, കലയെ അടിസ്ഥാനമാക്കിയാണ് ആളുകൾ സിനിമ കാണാൻ പോകുന്നത്.സിനിമ കണ്ട് മന്ദിറിലോ മസ്ജിദിലോ ഗുരുദ്വാരയിലോ പോകാറില്ല.നിങ്ങളുടെ മതത്തിൽ വിശ്വാസമുള്ളതുകൊണ്ടാണ് നിങ്ങൾ പോകുന്നത്." എന്നായിരുന്നു അനുപം ഖേറിന്‍റെ മറുപടി.



അനുപം ഖേറിന്‍റെ പ്രശംസക്ക് പിന്നാലെ കങ്കണ നടനെയും അഭിനന്ദിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്ന ശക്തനും സുരക്ഷിതനുമായ പുരുഷനെന്നാണ് അനുപം ഖേറിനെ വിശേഷിപ്പിച്ചത്. "ആളുകൾ ശാക്തീകരിക്കപ്പെട്ട ഒരു സ്ത്രീയെ കണ്ടെത്തുന്നതുവരെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ അഹംഭാവം അവളെ തകർക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ശരിക്കും ശക്തനും സുരക്ഷിതനുമായ ഒരു പുരുഷൻ ഒരു സ്ത്രീയെ അവൾ എത്ര ശാക്തീകരിക്കപ്പെട്ടാലും എല്ലായ്പ്പോഴും സംരക്ഷിക്കും'' കങ്കണ ട്വിറ്ററില്‍ കുറിച്ചു.



അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തില്‍ ജയപ്രകാശ് നാരായണനെയാണ് അനുപം ഖേര്‍ അവതരിപ്പിക്കുന്നത്. മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Similar Posts