'സിംഹത്തിന് പല്ലുണ്ടെങ്കിൽ അത് കാണിച്ചെന്നിരിക്കും'; അശോകസ്തംഭ വിവാദത്തിൽ പ്രതികരണവുമായി അനുപം ഖേർ
|ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിർമിച്ച കൂറ്റൻ അശോകസ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്
പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭം വിവാദമായിരുന്നു. അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ.
'സിംഹമായാൽ ചിലപ്പോൾ പല്ല് കാണിച്ചെന്നുവരും. എല്ലാത്തിനും ഉപരി, ഇത് സ്വതന്ത്ര ഭാരതത്തിന്റെ സിംഹമാണ്- അനുപം ഖേർ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ അശോകസ്തംഭത്തിനെതിരെ പ്രമുഖരടക്കം വിമർശനവുമായി രംഗത്തെത്തുന്നതിനിടെയാണ് അനുകൂലിച്ച് അനുപം ഖേർ രംഗത്തെത്തിയത്. പ്രധാന മന്ത്രി മ്യൂസിയത്തിൽ നിന്നെടുത്ത വിഡിയോയ്ക്കൊപ്പമാണ് ട്വീറ്റ്. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി സൻഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, പുതിയ പാർലിമെന്റ് മന്ദിരത്തിൽ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും രംഗത്തുവന്നു. യഥാർഥ ദേശീയ ചിഹ്നത്തിൽ സിംഹങ്ങൾക്കുള്ള ഭാവമല്ല പാർലിമെന്റ് മന്ദിരത്തിൽ നിർമിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശിൽപം ഉടൻ തന്നെ മാറ്റണമെന്നാണ് ആവശ്യം.
ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിർമിച്ച കൂറ്റൻ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. അനാച്ഛാദന ചടങ്ങിനിടെയാണ് പൂജാ കർമങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തത്. 1,250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലിമെന്റ് മന്ദിരം നിർമിക്കുന്നത്.