അഷ്റഫ് താമരശ്ശേരിയുടെ ജീവിത കഥ 'ഒടുവിലത്തെ കൂട്ട്' മമ്മൂട്ടിക്ക് സമ്മാനിച്ചു
|സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജി പ്രജേഷ് സെന്‍ രചിച്ച പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തിരുന്നത്
ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് മാതൃകയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പ്രതിപാദിക്കുന്ന 'ഒടുവിലത്തെ കൂട്ട്' പുസ്തകം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് കൈമാറി. അഷ്റഫ് താമരശ്ശേരി തന്നെയാണ് പുസ്തകം മമ്മൂട്ടിക്ക് സമ്മാനിച്ചത്. മകൻ മുഹമ്മദ് അമീന്‍, ഹൈദ്രോസ് തങ്ങള്‍ എന്നിവര്‍ സമ്മാനിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് പുസ്തകം മമ്മൂട്ടിക്ക് കൈമാറിയ വിവരം അഷ്റഫ് താമരശ്ശേറി അറിയിച്ചത്.
സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജി പ്രജേഷ് സെന്‍ രചിച്ച പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തിരുന്നത്. പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് 'ദ ലാസ്റ്റ് ഫ്രണ്ട്' എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
1993ലാണ് അഷ്റഫ് താമരശ്ശേരി സൗദിയിലെത്തുന്നത്. ആദ്യ യാത്രയില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടി പിന്നീട് നാട്ടിലേക്ക് മടങ്ങി. 1999ലാണ് വീണ്ടും ഗള്‍ഫിലേക്ക് കടക്കുന്നത്. ഇത്തവണ യു.എ.ഇയിലേക്കാണ് അഷ്റഫ് യാത്ര തിരിച്ചത്. അന്ന് തൊട്ട് ഇന്നുവരെ യു.എ.ഇ കേന്ദ്രമായാണ് അഷ്റഫിന്‍റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍. പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് കൂടിയാണ് അഷ്റഫ്.