അങ്ങേയറ്റം ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നുന്നു; നേര് മികച്ച സിനിമയൊന്നുമല്ലെന്ന് അഷ്ടമൂര്‍ത്തി
|അനശ്വര രാജനെ അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്
മോഹന്‍ലാല്‍ നായകനായ നേര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജീത്തു ജോസഫ് ചിത്രത്തില്‍ പ്രിയാമണി, സിദ്ദിഖ്,അനശ്വര രാജന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന് അഷ്ടമൂര്‍ത്തി. നേരില്‍ മോഹന്‍ലാല്‍ അൺകംഫർട്ടബ്ൾ ആയിരുന്നുവെന്നും അങ്ങേയറ്റം ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നുവെന്നും അദ്ദേഹം കുറിച്ചു.
അഷ്ടമൂര്‍ത്തിയുടെ കുറിപ്പ്
നേരു പറഞ്ഞാൽ അതത്ര മികച്ച സിനിമയൊന്നുമല്ല. ആകപ്പാടെ ഒരു കൃത്രിമത്വമുണ്ട്. ബലാൽസംഗത്തിനു വിധേയയാകുന്ന പെൺകുട്ടി അവന്റെ മുഖത്തു തപ്പിനോക്കി പ്രതിയുടെ രൂപം ഗണിച്ചെടുക്കുന്നതും പിന്നീട് അത് പ്രതിമയാക്കുന്നതും മുതൽ തുടങ്ങുന്നു അത്. വക്കീൽപ്പണി ഉപേക്ഷിച്ച നായകനെ നിർബ്ബന്ധപൂർവം പിപിയാക്കുന്നത് പോട്ടെ എന്നു വെയ്ക്കാം. പക്ഷേ തികച്ചും അപരിചിതയായ ഒരുവളെ ആ വീട്ടിൽ ഒരു നിശ്ചിത സമയത്ത് മറ്റാരുമുണ്ടാവില്ല എന്ന് യാദൃച്ഛികമായി അറിവു കിട്ടി ബലാൽസംഗത്തിന് എത്തുന്നത് വല്ലാതെ കൃത്രിമമായി.
ഗുണ്ടകളെ കൂട്ടി വന്ന് അവരെക്കൊണ്ട് അച്ഛനമ്മമാരുടെ വായ പൊത്തിപ്പിടിപ്പിച്ച് (കൈകളൊന്നും പിന്നിലേയ്ക്കു പിടിച്ചു കെട്ടാതിരുന്നിട്ടും ഗുണ്ടകളുടെ കൈകളിൽ നിന്നു കുതറി മാറാൻ എന്തുകൊണ്ടാണാവോ അവർ ശ്രമിക്കാതിരുന്നത്!) പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നതൊക്കെ ഇപ്പോഴും സിനിമയിൽ ഉണ്ടല്ലോ എന്ന് അത്ഭുതപ്പെട്ടു പോയി. കോടതി രംഗങ്ങൾ വിശേഷമാണെന്ന് പറഞ്ഞു കേട്ടുവെങ്കിലും അതെല്ലാം സിനിമാക്കോടതിരംഗങ്ങൾ തന്നെ! പിന്നെ ടിവി സ്ക്രീൻ വാർത്തകളും മൈക്ക് കയ്യിൽപ്പിടിച്ച് പരക്കംപായുന്ന മാ. പ്രവർത്തകരുമില്ലാത്ത ഒരു സിനിമ ഇപ്പോൾ മലയാളത്തിൽ പതിവില്ലല്ലോ!
മോഹൻലാൽ ഉടനീളം അൺകംഫർട്ടബ്ൾ ആയിരുന്നു. അങ്ങേയറ്റം ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ നടനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നും. ഒപ്പമുള്ള സിദ്ദിഖിന്റെ പ്രകടനവുമായി ആരെങ്കിലും ആ മഹാനടനെ താരതമ്യപ്പെടുത്തിപ്പോയാൽ അതിൽ അസാംഗത്യമൊന്നുമില്ല.പിപി ക്ക് സഹായിയായി വരുന്ന ജൂനിയർ എത്രമാത്രം അൺ ഇന്റലിജാന്റെണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ നടിയുടെ ഭാവഹാവാദികൾ. അതുകൊണ്ടു തന്നെ ആ വക്കീലിൽ നിന്ന് ഒരിടപെടലും പ്രതീക്ഷിച്ചതുമില്ല. തിരക്കഥയെഴുത്തുകാരിയാവട്ടെ ആകെ പരിഭ്രമിച്ചുവശായതു പോലെയായിരുന്നു തിരശ്ശീലയിൽ ഓടിനടന്നത്. ആശ്വാസം തോന്നിയത് മാത്യു വർഗീസിന്റെ ജഡ്ജിയുടെ അഭിനയം കണ്ടപ്പോഴാണ്.
അനശ്വര രാജനെ അത്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും സൂപ്പർ ശരണ്യയിൽ നിന്നുമൊക്കെ ആ നടി എത്രമാത്രം വളർന്നുപോയി! അവസാനം "ഒരു ജിത്തു ജോസഫ് ഫിലിം" എന്ന് എഴുതിക്കാണിക്കുന്നുണ്ട്. അതെ; അതാണ് ആകെയുള്ള നേര്.