അതെന്‍റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും; സിബി മലയിലിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ആസിഫ് അലി
|സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് "കൊത്ത് "
ഷാജി കൈലാസിനും വിനയനും പിന്നാലെ മലയാള സിനിമയില്‍ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സിബി മലയില്‍. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയെ കൊത്ത് എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആസിഫ് അലിയും റോഷന്‍ മാത്യുവമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിബി മലയിലിനെക്കുറിച്ച് ആസിഫ് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ പറഞ്ഞു തരുന്ന അധ്യാപകനാണ് സിബി സാറെന്ന് ആസിഫ് കുറിക്കുന്നു.
ആസിഫ് അലിയുടെ കുറിപ്പ്
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും. സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും... അങ്ങനെ ഒരു അധ്യാപകനാണ് എനിക്ക് സിബി സാർ.. സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് "കൊത്ത് "
സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന്‍റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്. കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന് എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്...
നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ.. അതെന്‍റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും.