Entertainment
azees nedumangad imitates

അസീസ് നെടുമങ്ങാട്/അശോകന്‍

Entertainment

അസീസ് എന്നെ അനുകരിക്കുന്നത് മോശമായിട്ട്; നടന്‍ അശോകന്‍

Web Desk
|
27 Oct 2023 2:18 AM GMT

കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് നടനെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടി പറഞ്ഞത്

തിരുവനന്തപുരം: ഒരു കാലത്ത് നായകനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് അശോകന്‍. നാല് പതിറ്റാണ്ടായി തുടരുകയാണ് അശോകന്‍റെ സിനിമാജീവിതം. മിമിക്രി കലാകാരന്‍മാരുടെ ഇഷ്ടനടന്‍ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴും വേദികളില്‍ അശോകന്‍ അവതരിപ്പിച്ച അമരത്തിലെ കഥാപാത്രം ഹിറ്റാണ്. എന്നാല്‍ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്നും അശോകൻ പറയുന്നു.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ ഇക്കാര്യങ്ങൾ പറയുന്നത്. കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് നടനെ നല്ലരീതിയിൽ അനുകരിക്കാറുണ്ടെന്ന അവതാരകയുടെ പ്രസ്താവനയോട് തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നാണ് അശോകൻ മറുപടി പറഞ്ഞത്.

താൻ മുന്നെ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയതെന്നും അശോകൻ കൂട്ടിച്ചേർത്തു. ''മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്ന, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്.

സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല,' അശോകൻ പറയുന്നു.

Similar Posts