ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞ് ബഡേ മിയാൻ ഛോട്ടേ മിയാൻ: കടം വീടാൻ ഓഫീസ് വിറ്റ് നിർമാതാവ്
|ഏകദേശം 350 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. തിരിച്ചുകിട്ടിയതാകട്ടെ 59.17 കോടിയും
മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ വന്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
മലയാളി താരം പൃഥ്വിരാജ് സുകുമാരന്‍ ചിത്രത്തില്‍ വില്ലനായി എത്തിയിരുന്നു. ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റായിരുന്നു ചിത്രം നിര്‍മിച്ചിരുന്നത്. ഏകദേശം 350 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. തിരിച്ചുകിട്ടിയതാകട്ടെ 59.17 കോടിയും. ചിത്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ വാഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫിസ് വിറ്റതായാണ് വാര്‍ത്തകള്‍.
സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസിലെ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നും വാര്‍ത്തകളുണ്ട്. 80% ജീവനക്കാരെയും പ്രൊഡക്ഷന്‍ ഹൌസ് കുറച്ചെന്നാണ് വിവരം. ഓഫീസ് മുംബൈയിലെ ഒരു ടു ബിച്ച്കെ ഫ്ലാറ്റിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. അതേസമയം ഇപ്പോള്‍ പുറത്തുവന്ന റിപ്പോർട്ടിനോട് പ്രൊഡക്ഷൻ ഹൗസ് പ്രതികരിച്ചിട്ടില്ല.
അതേസമയം ചില ചലച്ചിത്ര പ്രവർത്തകരും പ്രൊഡക്ഷന്‍ ഹൗസിനെതിരെ രംഗത്തുവന്നു. പൂജ എന്റര്‍ടെയ്മെന്റ് കമ്പനിയുടെ അംഗമായ രുചിത കാംബ്ലെയും സമൂഹ മാധ്യമങ്ങളിലൂടെ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒട്ടും പ്രഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ശമ്പളം ലഭിക്കാൻ അവർ പാടുപെടുകയാണെന്നും. പ്രതിഫലം വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റില്‍ പറയുന്നു.
1986-ൽ ആരംഭിച്ച പൂജാ എന്റർടെയ്ൻമെന്റ് ഇതുവരെ 40-ഓളം ചിത്രങ്ങൾ നിർമിച്ചു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത കൂലി നമ്പർ 1, ഹീറോ നമ്പർ 1, ബിവി നമ്പർ 1, ബഡേ മിയാൻ ഛോട്ടേ മിയാൻ, രഹ്നാ ഹേ തെരേ ദിൽ മേ, ഓം ജയ് ജഗദീഷ് എന്നിവയുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. ശ്രദ്ധേയമായ നിരവധി വിജയ ചിത്രങ്ങളും കമ്പനി നിർമ്മിച്ചു. എന്നിരുന്നാലും, സമീപകാല ബോക്സോഫീസ് പരാജയങ്ങൾ തിരിച്ചടിയായി.
അക്ഷയ് കുമാറിനെ നായകനാക്കി പൂജ എന്റർടെയ്ൻമെന്റ് നിർമിച്ച ബെൽബോട്ടം, കട്പുത്ലി, മിഷൻ റാണിഗഞ്ജ്, ബഡേ മിയാൻ ഛോട്ടേ മിയാൻ എന്നീ സിനിമകളെല്ലാം ബോക്സ്ഓഫിസിൽ കനത്ത പരാജമായിരുന്നു.അലി അബ്ബാസ് സഫറായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാന്റെ സംവിധായകന്.