കോവിഡ് ഭീഷണി; 'ആർആർആർ' ജനുവരി ഏഴിന് റിലീസ് ചെയ്യില്ല
|ഒക്ടോബർ 13ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് മുമ്പ് അറിയിച്ചിട്ടും ചിത്രം റിലീസ് ചെയ്തിരുന്നില്ല
ബാഹുബലി സംവിധായകൻ എസ്എസ് രാജമൗലിയുടെ 'ആർആർആർ' ജനുവരി ഏഴിന് റിലീസ് ചെയ്യുന്നത് മാറ്റിവെച്ചു. ഒമിക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയറ്റർ അടയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. പുതിയ റിലീസിങ് തിയതി അറിയിച്ചിട്ടില്ല. ഒക്ടോബർ 13ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് മുമ്പ് അറിയിച്ചിട്ടും ചിത്രം റിലീസ് ചെയ്തിരുന്നില്ല. രാജമൗലിയുടെ സംവിധാനത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ബട്ട് തുടങ്ങിയവർ ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
നേരത്തെ ഷാഹിദ് കപൂറിന്റെ 'ജേഴ്‌സി' ചിത്രം ഡിസംബർ 31 ന് റിലീസ് ചെയ്യുന്നത് മാറ്റിവെച്ചിരുന്നു. കോവിഡ് ഭീഷണി തന്നെയായിരുന്നു കാരണം. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ തിയറ്ററിലെ പ്രവേശനം ശേഷിയുടെ 50 ശതമാനമാക്കി ചുരുക്കിയിരുന്നു.
Keeping the best interests of all the involved parties in mind, we are forced to postpone our film. Our sincere thanks to all the fans and audience for their unconditional love. #RRRPostponed #RRRMovie pic.twitter.com/JlYsgNwpUO
— RRR Movie (@RRRMovie) January 1, 2022
ബ്രഹ്‌മാണ്ഡ ചിത്രമായ 'ആർ.ആർ.ആറി'ന്റെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയ്ലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ തന്ന സൂചന. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രമെത്തും.
ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.
450 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൽ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്.
Bahubali director SS Rajamouli's 'RRR' release postponed