ബീഫിനെ പിന്തുണച്ചു; രൺബീറിനെയും ആലിയയെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്‌റംഗ്ദൾ
|ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാർ താരങ്ങളെ വരവേറ്റത്
ഉജ്ജയ്ൻ: ബീഫിനെ പിന്തുണച്ചുള്ള പ്രസ്താവനയിൽ പ്രതിഷേധിച്ച് ബോളിവുഡ് ദമ്പതികളായ രൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ക്ഷേത്രത്തിൽ തടഞ്ഞ് ബജ്‌റംഗ്ദൾ. മധ്യപ്രദേശ് ഉജ്ജയ്‌നിലെ മഹാകൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണ് ബജ്‌റംഗ്ദൾ 'വിലക്കേർപ്പെടുത്തിയത്'. ബ്രഹ്‌മാസ്ത്ര സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്.
കരിങ്കൊടിയും ജയ് ശ്രീരാം മുദ്രാവാക്യം വിളിയുമായാണ് പ്രതിഷേധക്കാർ താരങ്ങളെ വരവേറ്റത്. പ്രതിഷേധക്കാരിൽ നിന്ന് താരങ്ങളെ രക്ഷപ്പെടുത്താൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാർക്കെതിരെ ശിക്ഷാനിയമത്തിലെ വകപ്പ് 353 പ്രകാരം കേസെടുത്തതായി ഉജ്ജയ്ൻ സിഎസ്പി ഓം പ്രകാശ് മിശ്ര പറഞ്ഞു.
രൺബീർ പറഞ്ഞതെന്ത്?
2011ൽ തന്റെ സിനിമ റോക്‌സ്റ്ററിന്റെ പ്രമോഷണൽ പരിപാടിക്കിടെയാണ് താൻ ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് രൺബീർ ആദ്യമായി പറഞ്ഞിരുന്നത്. ഇഷ്ടഭക്ഷണം ഏതെന്ന ചോദ്യത്തിന് റെഡ്മീറ്റ് ഭക്ഷണങ്ങൾ ഏറെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.
'എന്റെ കുടുംബം പെഷവാറിൽനിന്നുള്ളതാണ്. അതു കൊണ്ടുതന്നെ ഒരുപാട് പെഷവാരി വിഭവങ്ങൾ അവരുടെ കൂടെയെത്തും. ഞാൻ മട്ടൻ, പായ, ബീഫ് ആരാധകനാണ്. അതേ, ഞാനൊരു വലിയ ബീഫ് ആരാധകനാണ്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പഴയ വീഡിയോ വൈറലായതോടെ ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ രംഗത്തുവരികയായിരുന്നു. രൺബീറിനെയും ആലിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രഹ്‌മാസ്ത്ര. സെപ്തംബർ ഒമ്പതിനാണ് റിലീസ്. ലോകത്തുടനീളം എണ്ണായിരം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.