Entertainment
എല്ലാവരും മുട്ടയിൽ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു, ഓംലെറ്റിൽ നിന്നും മുട്ടയുണ്ടാക്കാൻ ശ്രമിച്ചാലോ?
Entertainment

'എല്ലാവരും മുട്ടയിൽ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു, ഓംലെറ്റിൽ നിന്നും മുട്ടയുണ്ടാക്കാൻ ശ്രമിച്ചാലോ?'

Web Desk
|
21 July 2021 3:21 PM GMT

നേട്ടങ്ങള്‍ക്കിടയിലും അവശേഷിക്കുന്ന വേദന.. പ്രേക്ഷകരുടെ സഹായം അഭ്യര്‍ഥിച്ച് ബാലചന്ദ്രമേനോന്‍

തന്‍റെ ആദ്യ സംവിധാന സംരംഭമായ ഉത്രാടരാത്രിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് ബാലചന്ദ്ര മേനോന്‍. 1978ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ ഒരു പതിപ്പ് പോലും അവശേഷിക്കുന്നില്ല. ഉത്രാടരാത്രിയെ വീണ്ടും പുനരാവിഷ്‌കരിക്കാന്‍ പ്രേക്ഷകരുടെ സഹായം തേടുകയാണ് ബാലചന്ദ്ര മേനോന്‍.

ബാലചന്ദ്ര മേനോന്‍റെ കുറിപ്പ്

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ !

ഇന്ന് ജൂലൈ 21

അതെ . 43 വർഷങ്ങൾക്കു മുൻപ് 1978 -ൽ ഇതേ ദിവസം എന്‍റെ ആദ്യ ചിത്രമായ "ഉത്രാടരാത്രി" തിരശ്ശീലയിലെത്തി..

അതിനെപ്പറ്റി പറയുമ്പോൾ എന്റെ മനസ്സ് ഒരു തരത്തിൽ സന്തോഷം കൊണ്ട് നിറയുന്നുണ്ട് . ഒപ്പം, ഞാൻ അറിയാതെ തന്നെ പറഞ്ഞറിയിക്കാനാവാത്ത, പരിഹരിക്കാനാവാത്ത ഒരു നൊമ്പരവും എന്റെ ഉള്ളിന്റെ ഉള്ളിൽ ഉറഞ്ഞു കൂടുന്നു..

സന്തോഷത്തിനു കാരണം.....

സാമ്പത്തിക വിജയം നേടി എന്ന് പറയാനാവില്ലെങ്കിലും, ഒരു സംവിധായകന്റെ ജനനം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരേപോലെ ശ്‌ളാഘിച്ച ചിത്രം എന്ന സൽപ്പേര് ഉത്രാടരാത്രിക്ക് ലഭിച്ചു. എന്തിനധികം പറയുന്നു? 2013ൽ പുറത്തിറങ്ങിയ എന്‍റെ ഇന്നിത് വരെയുള്ള ചിത്രങ്ങളെ വിലയിരുത്തിയ "ഇത്തിരി നേരം ഒത്തിരി കാര്യം " എന്ന പുസ്തകത്തിൽ ഉത്രാടരാത്രിയെ പറ്റി എഴുത്തുകാരി റോസ്‌മേരി കുറിച്ചത് ഇങ്ങനെയാണ്....

"ഉത്രാടരാത്രി ശരിക്കും ശ്രദ്ധിക്കപ്പെട്ടു. 'ഇതാ മലയാളത്തിൽ ഒരു പുതിയ സംവിധായകന്റെ രംഗപ്രവേശം' എന്ന് നിരൂപകർ കുറിച്ചിട്ടു . ഒരു നല്ല ചിത്രം എന്ന അംഗീകാരം ലഭിച്ചു . മേനോൻ ചിത്രങ്ങളിൽ എന്നെ ഏറ്റവും ആകർഷിച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഉത്രാടരാത്രി എന്നു ഞാൻ നിസ്സംശയം പ്രഖ്യാപിക്കും "

ഒരു സിനിമ ചെയ്യണമെന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു ...എന്നാൽ നാല് പതിറ്റാണ്ടുകൾക്ക് മീതെ സിനിമയുടെ സർവ്വ മണ്ഡലങ്ങളിലും ഇടപെട്ട് നിങ്ങളുടെയൊക്കെ പ്രീതി സമ്പാദിച്ചു 37 സിനിമകൾ എനിക്ക് സാധിച്ചു എന്ന് പറഞ്ഞാൽ 'ആനന്ദ ലബ്ധിക്കിനി എന്ത് വേണം ?' എന്നാരേലും ചോദിച്ചാൽ തെറ്റ് പറയാനാവില്ല .

അപ്പോൾ നൊമ്പരത്തിനു കാരണം ?

അതിന്റെ കാരണം ഞാൻ വീഡിയോയിൽ പറയുന്നുണ്ട്. കണ്ടാട്ടെ ...

ഇത്രയൊക്കെ നേടിയിട്ടും ഇപ്പോൾ എന്റെ വേദന എന്ന് പറയുന്നത് ഈ ഭൂമുഖത്തു നിന്ന് ഇല്ലാതായ എന്റെ കടിഞ്ഞൂൽ സൃഷ്ടിയെ കുറിച്ചാണ്. അത് എങ്ങിനെയും പുനരാവിഷ്‌ക്കരിക്കണം എന്നൊരു മോഹം എന്റെ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു... അതിനു എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഉത്രാടരാത്രി കണ്ടിട്ടുള്ള പ്രേക്ഷകർ ആ ചിത്രത്തെപ്പറ്റിയുള്ള കഥ തന്തുവടക്കം നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന മെയിലിലേക്ക് അയച്ചു തരിക . ( vandv@yahoo.com ) അലോചിച്ചെഴുതാം എന്ന് ചിന്തിച്ചു ഉഴപ്പരുത്. 'ആറിയ കഞ്ഞി പഴം കഞ്ഞി' എന്നാണ് പ്രമാണം . കഴിവതും ഇന്നേക്ക് പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ (അതായത്, ഓഗസ്റ്റ് 5നു മുൻപായി ) കിട്ടിയാൽ പണി എളുപ്പമായി ....

ഇത് സംഭവിക്കുകയാണെങ്കിൽ ഒരു പക്ഷെ ലോകത്തെ ആദ്യ അനുഭവമായിരിക്കും !

ഒരു സംവിധായകൻ തന്റെ ആദ്യ സൃഷ്ടിയെ നീണ്ട 43 വർഷങ്ങൾക്കു ശേഷം പുനരാവിഷ്‌ക്കരിക്കുന്നു .. അപൂർവ്വമായ, സാഹസികമായ ഈ സംരംഭത്തിൽ എന്റെ കൂട്ടാളികളായി ഈ ചിത്രം അന്ന് കണ്ടിട്ടുള്ള പ്രേക്ഷകരുടെ ഓർമ്മയുടെ ശകലങ്ങളെ ഞാൻ അവലംബിക്കുന്നു..

അതോർക്കുമ്പോൾ തന്നെ ഞാൻ ഉത്രാടരാത്രി സംവിധാനം ചെയ്ത പ്രായത്തിലേക്കു തിരിച്ചു പോകുന്നു ..23 വയസ്സിലേക്കു ... എങ്ങനുണ്ട്?

എന്താ , എന്നോടൊപ്പം തുണയായി നിൽക്കില്ലേ?

എല്ലാവരും മുട്ടയിൽ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു.

ഇത്തവണ നമുക്ക് ഓംലെറ്റിൽ നിന്നും മുട്ട ഉണ്ടാക്കാൻ ശ്രമിച്ചാലോ?

ഒരു ത്രില്ല് ഇല്ലേ?

അത് മതി ....


ഏവർക്കും ബലിപെരുന്നാൾ ആശംസകൾ !

ഇന്ന് ജൂലൈ 21 .....

അതെ . 43 വർഷങ്ങൾക്കു മുൻപ് 1978 -ൽ ഇതേ ദിവസം എന്റെ ആദ്യ ...

Posted by Balachandra Menon on Tuesday, July 20, 2021

Related Tags :
Similar Posts