എന്താണ് നമ്മളൊരുമിച്ച് സിനിമ ചെയ്യാത്തതെന്ന് നന്ദമുരി; പേടി കൊണ്ടെന്ന് രാജമൗലി
|ഒരു ചാറ്റ്ഷോയിൽ സംവിധായകൻ രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് നന്ദമുരി ഇങ്ങനെ പറഞ്ഞത്
തന്റെ പുതിയ ചിത്രമായ അഖാണ്ഡ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ 100 കോടി ക്ലബില്‍ കടന്ന സന്തോഷത്തിലാണ് തെലുങ്ക് നടന് നന്ദമുരി ബാലകൃഷ്ണ. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വിജയമായി മാറി. ഗോപിചന്ദ് മലിനേനിയുടെ സംവിധാനത്തിലുള്ള ബിഗ് ബജറ്റ് ചിത്രമാണ് നന്ദമുരിയുടെ അടുത്ത പ്രോജക്ട്. ഈയിടെ ഒരു ചാറ്റ് ഷോയില്‍ പ്രശസ്ത സംവിധായകന് എസ്.എസ് രാജമൗലിയുമായി നടത്തിയ സംഭാഷണത്തില്‍ നന്ദമുരി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. വഴിയെ പോകുന്ന വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന നന്ദമുരിയുടെ പതിവ് രീതി തന്നെയായിരുന്നു ഈ ചാറ്റ് ഷോയിലും പ്രകടമാക്കിയത്. 2009ല്‍ പുറത്തിറങ്ങി ലോകപ്രേക്ഷകര്‍ ഏറ്റെടുത്ത ജെയിംസ് കാമറൂണിന്റെ അവതാര്‍ തനിക്കിഷ്ടപ്പെട്ടില്ലെന്നായിരുന്നു നന്ദമുരി പറഞ്ഞത്.
'Unstoppable With NBK' എന്ന ചാറ്റ്ഷോയിൽ സംവിധായകൻ രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് നന്ദമുരി ഇങ്ങനെ പറഞ്ഞത്. തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമയാണ് അവതാർ എന്നും കണ്ടു തുടങ്ങിയപ്പോൾ തന്നെ തനിക്ക് മടുത്തു തുടങ്ങിയെന്നും നന്ദമുരി പറഞ്ഞു. എന്നാൽ, നന്ദമുരിയുടെ ഈ പരാമർശത്തിന് ചുട്ട മറുപടിയാണ് ബാഹുബലി സംവിധായകന് നൽകിയത്. നിങ്ങളുടെ തലമുറക്ക് അവതാർ പോലുള്ള സിനിമകൾ ആസ്വദിക്കാൻ കഴിയില്ലെന്നും തങ്ങളുടെ ജനറേഷൻ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ് അവതാർ എന്നുമായിരുന്നു രാജമൗലിയുടെ മറുപടി. അതേസമയം, 'നമ്മൾ ഒരുമിച്ച് എന്താണ് ഒരു സിനിമ ചെയ്യാത്തത്' എന്ന നന്ദമുരിയുടെ ചോദ്യത്തിന് 'പേടി കൊണ്ടാണ്' എന്നായിരുന്നു രാജമൗലിയുടെ മറുപടി.
മുന്‍പ് ജെയിംസ് കാമറൂണിനോട് നന്ദമൂരി സ്വയം താരതമ്യപ്പെടുത്തിയിരുന്നു. വർഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി തന്റെ ഷൂട്ടിംഗ് വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും താന്‍ വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവർത്തന രീതിയെന്നുമായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.