Entertainment
ആദിപുരുഷ് നിരോധിക്കണം; ആഹ്വാനവുമായി അയോധ്യ രാമക്ഷേത്ര മുഖ്യ പുരോഹിതന്‍
Entertainment

'ആദിപുരുഷ് നിരോധിക്കണം'; ആഹ്വാനവുമായി അയോധ്യ രാമക്ഷേത്ര മുഖ്യ പുരോഹിതന്‍

ijas
|
6 Oct 2022 10:42 AM GMT

സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എച്ച്.പി അറിയിച്ചു

ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളൊഴിയാത്ത ആദിപുരുഷ് സിനിമക്കെതിരെ അയോധ്യ രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനും. ആദിപുരുഷ് സിനിമ നിരോധിക്കണമെന്നും സിനിമയിലെ രാമ,രാവണ, ഹനുമാന്‍ കഥാപാത്രങ്ങൾ ദൈവ സങ്കൽപ്പങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്നതായും മുഖ്യ പുരോഹിതന്‍ സത്യേന്ദ്ര ദാസ് പറഞ്ഞു. സിനിമ നിർമ്മിക്കുന്നത് കുറ്റകരമല്ല. എന്നാൽ ബോധപൂർവമായ വിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ സിനിമയെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.പി ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പതക്കും സിനിമയുടെ ടീസറിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഹിന്ദു മതത്തിലെ ദൈവങ്ങളോടുള്ള അനാദരവാണ് ടീസറെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബ്രജേഷ് പതക്ക് പറഞ്ഞു. സന്യാസിമാർ എന്തു പറഞ്ഞാലും ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമകൾ പലപ്പോഴും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സംസ്കാരം ആക്രമിക്കപ്പെട്ടപ്പോഴെല്ലാം നമ്മുടെ സംസ്കാരത്തെ സംരക്ഷിച്ചത് ഇവിടുത്തെ സന്യാസിമാരാണ്. നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കുന്നതായും ബ്രജേഷ് കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ടീസര്‍ കണ്ടില്ലെന്ന് പറഞ്ഞ കേശവ് മൗര്യ, സിനിമ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രേക്ഷകരിലേക്ക് എത്തും മുമ്പ് അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ വി.എച്ച്.പിയും ബി.ജെ.പി വക്താക്കളും ടീസറിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. ടീസറില്‍ രാമ,രാവണ, ലക്ഷമണ കഥാപാത്രങ്ങളെ കാണിച്ചത് ഹിന്ദു മതത്തെ അവഹേളിക്കുന്ന തരത്തിലാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വി.എച്ച്.പി വ്യക്തമാക്കി. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വി.എച്ച്.പി അറിയിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ചിത്രത്തിന്‍റെ ടീസറിനെതിരെ രംഗത്തുവന്നിരുന്നു. ടീസറിലെ ഹിന്ദു കഥാപാത്രങ്ങളില്‍ ഉപയോഗിച്ച തെറ്റായ കാര്യങ്ങള്‍ മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി നരോട്ടാം മിശ്ര വ്യക്തമാക്കി.

ഒരു മിനുറ്റും നാല്‍പ്പത്തിയാറ് സെക്കന്‍റും നീളമുള്ള ആദിപുരുഷിന്‍റെ ടീസര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച അയോധ്യയില്‍ വെച്ചാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന് നേരെ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിത്രത്തിലെ വി.എഫ്.എക്സിനെ ലക്ഷ്യമിട്ടാണ് ട്രോളുകളിധികവും. കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്. ടീസര്‍ വീഡിയോയും കുട്ടികളുടെ കാര്‍ട്ടൂണ്‍ സംഭാഷണവും ചേര്‍ത്തുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടീസറിനെതിരെ ട്വിറ്ററിലും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

'തൻഹാജി; ദ അൺസങ് വാരിയറിന്' ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആദിപുരുഷ്. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ 250 കോടിയും വി.എഫ്.എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് ചിത്രത്തിലെ പ്രഭാസിന്‍റെ പ്രതിഫലം. ടീ സീരീസ്, റെട്രോഫൈലിന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2023 ജനുവരിയില്‍ തെലുഗ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ ചിത്രം തിയറ്ററുകളിലെത്തും.

Similar Posts