മാസ്ക് വെച്ച സഞ്ജുവിനെ ആർക്കും മനസിലായില്ല; ആ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ കുട്ടികളെ പോലെ ബീച്ചിൽ കളിച്ചു: ബേസിൽ ജോസഫ്
|കോഴിക്കോട് ബീച്ചിൽ ലുട്ടാപ്പി കൊമ്പും കളിപ്പാട്ട വാളുമായി നിൽക്കുന്ന സഞ്ജുവിന്റെ വീഡിയോ ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു
കോഴിക്കോട് ബീച്ചിൽ "കൊമ്പും വാളുമായി" നിൽക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബേസിൽ ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഏവരെയും പൊട്ടിച്ചിരിപ്പിച്ച ആ വീഡിയോ സഞ്ജു ആരാധകരും ബേസിൽ ഫാൻസും ഒന്നിച്ചെത്തി ഹിറ്റാക്കിയിരുന്നു.
അന്ന് കോഴിക്കോട് ബീച്ചിൽ കറങ്ങാൻ ഇറങ്ങിയതിനെ കുറിച്ച് മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ബേസിൽ ജോസഫ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലായിരുന്നു സഞ്ജു കോഴിക്കോട് എത്തിയതെന്ന് ബേസിൽ പറഞ്ഞു.
മാസ്ക് വെച്ച് രാത്രിയിൽ പുറത്തിറങ്ങിയ തങ്ങളെ ആർക്കും മനസിലായില്ലെന്നും ഇത് വലിയ സ്വാതന്ത്ര്യം നൽകിയെന്നും ബേസിൽ പറഞ്ഞു. ആ സമയത്ത് ശരിക്കും കുട്ടികളെ പോലെയാണ് കളിച്ചു നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."സഞ്ജു ബ്രേക്ക് എടുക്കാനായി നാട്ടിലേക്ക് വന്നതായിരുന്നു. രണ്ട് ദിവസം കൊച്ചിയിലുണ്ടായിരുന്നു. പിന്നെയാണ് കോഴിക്കോട് എത്തിയത്. അന്ന് രാത്രി ഞങ്ങൾ ക്യാമ്പ് ഫയറൊക്കെ സെറ്റ് ചെയ്തിരുന്നു. സ്വാതിയുടെ(സ്വാതിദാസ് പ്രഭു) ഗാനമേള ഉണ്ടായിരുന്നു (ചിരിക്കുന്നു).
രാത്രി നമ്മൾ കോഴിക്കോട് ബീച്ചിൽ പോയി, വെറുതെ നടന്നു. മാസ്ക് ഇട്ടതുകൊണ്ട് സഞ്ജുവിനെയൊന്നും ആർക്കും മനസിലായില്ല. അതുകൊണ്ട് തന്നെ വല്ലാത്തൊരു ഫ്രീഡം ലഭിച്ചു. കുട്ടികളെ പോലെ ഹെലികോപ്ടർ കളിപ്പാട്ടം മേലേക്ക് വിട്ട് ക്യാച്ച് ചെയ്യുന്ന കളിയൊക്കെ കളിച്ചു. പിന്നെ ലുട്ടാപ്പിയുടെ ആ കൊമ്പ് വാങ്ങി വെച്ചു നടന്നു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം സഞ്ജു തിരിച്ചുപോയി," ബേസില് ജോസഫ് പറഞ്ഞു.
അതേസമയം, ഏപ്രിൽ 21ന് റിലീസ് ചെയ്ത ബേസിൽ ജോസഫിന്റെ പുതിയ ചിത്രമായ കഠിന കഠോരമീ അണ്ഡകടാഹം മികച്ച പ്രതികരണമാണ് നേടുന്നത്. ഹർഷദിന്റെ തിരക്കഥയിൽ നവാഗതനായ മുഹാസിൻ സംവിധാനം ചെയ്ത ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ കോഴിക്കോട്ടെ കടലോരപ്രദേശങ്ങളും പ്രവാസജീവിതവും മുഖ്യപ്രമേയമാക്കിയാണ് കഥ പറയുന്നത്.
ബച്ചുവെന്ന കേന്ദ്ര കഥാപാത്രമായുള്ള ബേസിലിന്റെ പ്രകടനം പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിക്കഴിഞ്ഞു. സാധാരണ ചിരിപ്പിക്കുന്ന വേഷങ്ങളുമായെത്തുന്ന ബേസിൽ വികാരതീവ്രമായ രംഗങ്ങളിലൂടെ കാഴ്ചക്കാരുടെ മനസ് കീഴടക്കുകയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.