Entertainment
തല്ലുമാലയിലെ ബീഫ് കന്നഡയില്‍ എത്തിയപ്പോള്‍ മട്ടണ്‍!; നെറ്റ്ഫ്ലിക്സിനെതിരെ നെറ്റിസണ്‍സ്
Entertainment

തല്ലുമാലയിലെ 'ബീഫ്' കന്നഡയില്‍ എത്തിയപ്പോള്‍ 'മട്ടണ്‍'!; നെറ്റ്ഫ്ലിക്സിനെതിരെ നെറ്റിസണ്‍സ്

ijas
|
16 Sep 2022 2:07 PM GMT

നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ കന്നഡ പതിപ്പില്‍ ബീഫ് എന്ന് വരുന്ന ഭാഗങ്ങളിലെല്ലാം മട്ടണ്‍, കറി എന്നിങ്ങനെ മാറ്റിയാണ് ഡബ്ബിംഗ് ചെയ്തിരിക്കുന്നത്

തിയറ്ററുകളിലെ ഗംഭീര വിജയത്തിന് ശേഷം നെറ്റ്ഫ്ലിക്സില്‍ റിലീസിനെത്തിയ തല്ലുമാല പ്രശ്നങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ചിത്രത്തിന്‍റെ ഡബ്ബിംഗിലെ പ്രശ്നങ്ങളായിരുന്നു ആദ്യം ശ്രദ്ധയില്‍പ്പെട്ടതെങ്കില്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ബീഫിനെ പൂര്‍ണമായും വെട്ടിമാറ്റിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

തല്ലുമാലയില്‍ ആദ്യം ലുഖ്മാന്‍റെ കഥാപാത്രമായ ജംഷിയും ടോവിനോയുടെ വസീമും കണ്ടുമുട്ടുമ്പോള്‍ മുതല്‍ ബീഫ് ഒരു പ്രധാന സംഭാഷണമായി കടന്നുവരുന്നുണ്ടായിരുന്നു. പള്ളിയില്‍ വെച്ചുള്ള ആദ്യ തല്ലിന് മുമ്പും വസീമിന്‍റെ കല്യാണമെനുവിനെ കുറിച്ചുള്ള സംസാരത്തിലുമെല്ലാം ബീഫ് പപ്പ്സും ബീഫ് ബിരിയാണിയും സംഭാഷണ മധ്യേ കടന്നുവരുന്നുണ്ട്. നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ കന്നഡ പതിപ്പില്‍ ഈ ഭാഗങ്ങളിലെല്ലാം മട്ടണ്‍, കറി എന്നിങ്ങനെ മാറ്റിയാണ് ഡബ്ബിംഗ് ചെയ്തിരിക്കുന്നത്. ഡബ്ബിംഗിന് പുറമേ സബ് ടൈറ്റിലില്‍ നിന്നും ബീഫിനെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിട്ടുണ്ട്. അതെ സമയം തമിഴ്, തെലുഗ് പതിപ്പുകളില്‍ ബീഫിനെ മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു.

നെറ്റ്ഫ്ലിക്സ് ഒട്ടും പ്രൊഫണലല്ലാതെയാണ് തല്ലുമാലയുടെ ഡബ്ബിംഗും മറ്റും നിര്‍വ്വഹിച്ചതെന്നും മലയാളത്തിലെ യഥാര്‍ത്ഥ പശ്ചാത്തല സംഗീതമെല്ലാം മറ്റു ഭാഷാ പതിപ്പുകളില്‍ ചോര്‍ന്നുപോയതായും നിരവധി പ്രേക്ഷകര്‍ പരാതിയായി ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും മോശം രീതിയിലാണ് ചിത്രം ഡബ്ബ് ചെയ്യപ്പെട്ടതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ചിത്രത്തിന്‍റെ സബ് ടൈറ്റിലിനെതിരെ ചിത്രത്തിന്‍റെ യഥാര്‍ത്ഥ സബ് ടൈറ്റിലിങ് നിര്‍വ്വഹിച്ച 'ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്' രംഗത്തുവന്നിരുന്നു. തങ്ങള്‍ ശരിയായ രീതിയില്‍ സബ് ടൈറ്റിലിങ് നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ പലയിടത്തും ഒറിജിനല്‍ സബ് ടൈറ്റില്‍ മാറ്റി സ്ഥാപിച്ചതായാണ് ആരോപണം. ഈ പരാതി സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിച്ച മുഹ്സിന്‍ പരാരി, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവര്‍ ഇതിനെതിരെ പരസ്യമായി ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തുവന്നിരുന്നു.

നേരത്തെ ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിന് നേരെ ബീഫ് ഡയലോഗ് മറച്ചതായ സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗത്ത് ഇന്ത്യൻ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്‍റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ് ടൈറ്റിലിനെതിരെയാണ് വിമര്‍ശനമുയര്‍ന്നിരുന്നത്. 'പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്' എന്ന് നീരജ് മാധവ് പാടുമ്പോള്‍ സബ്‌ടൈറ്റിലില്‍ 'പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്' എന്നാണ് കാണിക്കുന്നത്. മംഗ്ലിഷിലും ഇംഗ്ലിഷിലുമുള്ള സബ്‌ടൈറ്റിലുകളില്‍ ബി.ഡി.എഫ്. എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ബീഫ് എന്ന് സബ്‌ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ അന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ബി.ജെ.പി, സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരെ ഭയന്നിട്ടാണോ നെറ്റ്ഫ്ലിക്സ് ഇത്തരത്തില്‍ അണിയറ പ്രവര്‍ത്തകരുടെ അനുമതിയില്ലാതെ മാറ്റങ്ങള്‍ വരുത്തുന്നതെന്നും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നു.

Similar Posts