ക്ലാസ്മേറ്റ്സിലൂടെ തുടക്കം; സുബീഷിന്‍റെ ഇനിയുള്ള വരവ് നായകനായി, പ്രഖ്യാപനം നടത്തി ലാല്‍ ജോസ്
|സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷെന്ന് ലാല്‍ ജോസ്
ക്ലാസ്മേറ്റ്സിലെ ചെറിയ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തെത്തിയ നടന്‍ സുബീഷ് സുധി നായക വേഷത്തിലേക്ക്. ക്ലാസ്മേറ്റ്സിലൂടെ സുബീഷിനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ ലാല്‍ ജോസ് ആണ് സുബീഷിന്‍റെ നായക അരങ്ങേറ്റം പരസ്യമാക്കിയത്. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷെന്ന് ലാല്‍ ജോസ് പറഞ്ഞു.
സുബീഷിന്‍റെ ആദ്യ നായക അരങ്ങേറ്റത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സംവിധായകൻ കുറിച്ചു. നിസാം റാവുത്തറിന്‍റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ലാല്‍ ജോസിന്‍റെ കുറിപ്പ്:
സുബീഷ് സുധിയെന്ന അഭിനയ മോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്‍റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും. നിസാം റാവുത്തറിന്‍റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്‍റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.