![പഠാന് ഗാന വിവാദം; ഷാരൂഖ് ഖാന് ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി ബജ്റംഗ് ദള്‍ പഠാന് ഗാന വിവാദം; ഷാരൂഖ് ഖാന് ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി ബജ്റംഗ് ദള്‍](https://www.mediaoneonline.com/h-upload/2022/12/17/1339911-poster-thumb-new-site.webp)
പഠാന് ഗാന വിവാദം; ഷാരൂഖ് ഖാന് ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി ബജ്റംഗ് ദള്‍
![](/images/authorplaceholder.jpg?type=1&v=2)
വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹനുമാന് ചാലിസ ചൊല്ലിയാണ് പൊലീസ് ബാരിക്കേഡിന് മുന്നില്‍ പ്രതിഷേധിച്ചത്
ജബല്‍പൂര്‍: ഷാരൂഖ് ഖാന് ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുത്തി ബജ്റംഗ് ദളും വിശ്വ ഹിന്ദു പരിഷത്തും. മധ്യപ്രദേശിലെ ജബല്പൂരില് ഷാരൂഖ് ഖാന് നായകനായ ഡന്‍കി സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് പ്രതിഷേധക്കാര്‍ ചിത്രീകരണ സ്ഥലത്ത് എത്തുന്നത്. എന്നാല്‍ ചിത്രീകരണത്തില്‍ ഷാരൂഖ് ഖാന് അടക്കമുള്ള പ്രധാന താരങ്ങള്‍ ഒന്നും പങ്കെടുത്തിരുന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജബല്‍പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭേദഘട്ട്, ധുന്ദർ എന്നിവിടങ്ങളില്‍ ഡന്‍കിയുടെ ചിത്രീകരണം ആരംഭിച്ചത്. ഷാരൂഖ് ഖാന്റെ ഡ്യൂപ്പ് ചിത്രീകരണ സ്ഥലത്തുണ്ടായിരുന്നു. ചിത്രീകരണം നടക്കുന്നതറിഞ്ഞാണ് ബജ്റംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.
അതെ സമയം പ്രതിഷേധക്കാരെ അല്‍പ്പ ദൂരം മുമ്പ് വെച്ച് തന്നെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ഹനുമാന് ചാലിസ ചൊല്ലിയാണ് പൊലീസ് ബാരിക്കേഡിന് മുന്നില്‍ പ്രതിഷേധിച്ചത്. കലക്ടറുടെ അനുമതിയോടെയാണ് സിനിമ പ്രവര്‍ത്തകര്‍ ചിത്രീകരണം നടത്തുന്നതെന്ന് സി.എസ്.പി പ്രിയങ്ക ശുക്ല അറിയിച്ചു. ചിത്രീകരണത്തിനെതിരെ പ്രതിഷേധം നടത്താന്‍ വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മെമോറാണ്ടം സമര്‍പ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം നടത്താനാണ് അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍ കാവി നിറത്തെ അപമാനിച്ച ഒരു താരത്തെയും നര്‍മദ തീരത്തെ വിശുദ്ധ ഭൂമിയില്‍ ചിത്രീകരണത്തിന് അനുവദിക്കില്ലെന്ന് വി.എച്ച്.പി, ബജ്റംഗ് ദള്‍ സംഘടനകള്‍ പറഞ്ഞു.
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പഠാൻ. അഞ്ച് വർഷത്തിന് ശേഷം കിങ് ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച ചിത്രത്തിലെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്ന് ബഹിഷ്ക്കരണാഹ്വാനങ്ങൾക്ക് ചൂട് പിടിച്ചത്. ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരായ ബഹിഷ്ക്കരണാഹ്വാനം.