Entertainment
എന്നാണ് ഭദ്രാ..പുതിയ സ്ഫടികം തിയറ്ററിൽ ഒന്നൂടി കാണാൻ പറ്റുക? കെ.പി.എ.സി ലളിത അന്നു ചോദിച്ചു
Entertainment

എന്നാണ് ഭദ്രാ..പുതിയ സ്ഫടികം തിയറ്ററിൽ ഒന്നൂടി കാണാൻ പറ്റുക? കെ.പി.എ.സി ലളിത അന്നു ചോദിച്ചു

Web Desk
|
26 Feb 2022 6:34 AM GMT

എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്‍റെയും നാവിലെ ഇരട്ടി മധുരമായിരുന്നു

സിനിമാലോകത്തിനും ആരാധകര്‍ക്കും ഒരിക്കലും ഉള്‍ക്കൊള്ളാനായിട്ടില്ല ആ വേര്‍പാട്. കെ.പി.എ.സി ലളിത എന്ന അതുല്യ നടി ഈ ലോകത്തു നിന്നും വിടപറഞ്ഞുകഴിഞ്ഞു. എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങള്‍ മാത്രം ബാക്കിയായി. ലളിത പലര്‍ക്കും പലതായിരുന്നു..അവര്‍ ചേച്ചിയെന്നും അമ്മയെന്നും ലളിതയെന്നും വിളിച്ചു.. പ്രിയ സഹപ്രവര്‍ത്തകയുടെ ഓര്‍മകളിലാണ് സിനിമയിലുള്ളവര്‍.

ലളിതയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന ചിത്രം. ആടുതോമയും ചാക്കോ മാഷും നിറഞ്ഞാടുമ്പോള്‍ തോമയുടെ പൊന്നമ്മച്ചി എന്ന മേരിയും പ്രേക്ഷകരെ കരയിച്ചു. തെമ്മാടിയായ മകനും കര്‍ക്കശക്കാരനായ പിതാവിനുമിടയില്‍ വെന്തുരുകുന്ന അമ്മയായി ലളിത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഇപ്പോള്‍ ലളിതയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

ഭദ്രന്‍റെ കുറിപ്പ് വായിക്കാം

എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്‍റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവർത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു… " എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററിൽ ഒന്നൂടി കാണാൻ പറ്റുക..." ഈശ്വരന്‍റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം,

ഈ അമ്മയുടെ വേർപാടിന്‍റെ ഓർമകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാർ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല...സ്ഫടികത്തില്‍ അഭിനയിക്കുന്ന സമയത്ത് തിലകനും ലളിതയും പിണക്കത്തിലായിരുന്ന കാര്യത്തെക്കുറിച്ചും ഭദ്രന്‍ പറയുന്നുണ്ട്.

ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്‍റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ; " അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. "അതാണ് കെ.പി.എ.സി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെ.പി.എ.സി ലളിത ഭൂമുഖത്തുണ്ടാവില്ല.

Similar Posts