'ലോക്ക് ആയി ഗായ്സ്...'; ഭാഗ്യ സുരേഷിന് മാംഗല്യം, വരൻ ശ്രേയസ് മോഹൻ; ചിത്രങ്ങൾ കാണാം
|വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്
മലയാള ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റ വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യയും മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് കുമാറും തമ്മിലുള്ള വിവാഹനിശ്ചയം.
വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സ്വർണക്കരയുള്ള സെറ്റ് സാരിയായിരുന്നു ഭാഗ്യയുടെ വേഷം. കേരള സ്റ്റൈൽ ഷർട്ടും മുണ്ടുമാണ് ശ്രേയസ് ധരിച്ചിരുന്നത്. നിശ്ചയം കഴിഞ്ഞതിന് പിന്നാലെ 'ലോക്ക് ആയി ഗായ്സ്' എന്ന അടിക്കുറിപ്പോടെ ശ്രേയസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഈ ചിത്രങ്ങൾ ഭാഗ്യവും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നു. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. വിവാഹം അടുത്ത വർഷം ജനുവരിയിൽ തന്നെ നടക്കുമെന്നാണ് വിവരം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാകും ചടങ്ങുകൾ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. സിനിമയിൽ ചുവടുവെച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാഗ്യയുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ബോഡി ഷെയിം ചെയ്ത ആളുടെ കമന്റിന് ഭാഗ്യ കൊടുത്ത മറുപടി ചർച്ചയായിരുന്നു. ഭാഗ്യയുടെ വസ്ത്രധാരണയെ ചൂണ്ടിക്കാട്ടിയായിരുന്നു കമന്റ്, എന്നാൽ തന്റെ നീളവും വണ്ണവും അളക്കാൻ താൻ വരണ്ട എന്ന ചുട്ട മറുപടിയാണ് ഭാഗ്യ നൽകിയത്.
ഇപ്പോൾ ഭാഗ്യയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആളുകൾ.