ടൊവിനോ സൂപ്പർഹീറോയെന്ന് ഭാവന; യഥാർഥ സൂപ്പർഹീറോയിൽ നിന്നുള്ള വാക്കുകളെന്ന് നടന്‍
|ഈയിടെ ഐ.എഫ്.എഫ്.കെ വേദിയില്‍ സർപ്രൈസ് അതിഥിയായി ഗംഭീര സ്വീകരണമായിരുന്നു ഭാവനക്ക് ലഭിച്ചത്
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ഭാവന. നടിയുടെ തിരിച്ചുവരവ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. ഈയിടെ ഐ.എഫ്.എഫ്.കെ വേദിയില്‍ സർപ്രൈസ് അതിഥിയായി ഗംഭീര സ്വീകരണമായിരുന്നു ഭാവനക്ക് ലഭിച്ചത്. ഇപ്പോൾ മലയാളത്തിലെ ചില താരങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഭാവന പറഞ്ഞ രസകരമായ അഭിപ്രായങ്ങളാണ് വൈറലായിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു ഭാവന. ദുൽഖറിനെക്കുറിച്ച് ആരാധകർ ചോദിച്ചതിന് മറുപടിയായി 'ഏറ്റവും സ്റ്റൈലിഷ് ആയ താരം' എന്നാണ് ഭാവനയുടെ ഉത്തരം. ടോവിനോയെക്കുറിച്ച് ചോദ്യം വന്നപ്പോൾ 'സൂപ്പർഹീറോ' എന്ന മറുപടി നൽകി. ഭാവനയുടെ ഉത്തരം ടോവിനോയും പങ്കുവെച്ചു. 'യഥാർഥ സൂപ്പർഹീറോയിൽ നിന്നും വരുന്ന വാക്കുകൾ. എന്‍റെ ആദ്യ ഓൺസ്‌ക്രീൻ ജോഡി. എന്നും പ്രിയപ്പെട്ടത്' – എന്നാണ് ടൊവിനോ കുറിച്ചത്. കുഞ്ചാക്കോ ബോബനെക്കുറിച്ച് 'കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ്' എന്നാണ് ഭാവന മറുപടി നൽകിയത്. 'പകരം വെക്കാനാവാത്ത വ്യക്തി'യെന്നാണ് മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ ഭാവന മറുപടി നൽകിയത്.ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതൊക്കെയാണ് എന്നായിരുന്നു ഒരു ചോദ്യം. ഇതിന് ഉത്തരം പറയാൻ പറ്റില്ല... ഒരുപാട് ചിത്രങ്ങളുണ്ട്. ദശരഥം, കിലുക്കം, തേന്മാവിൻകൊമ്പത്ത്, ഭരതം അങ്ങനെ അങ്ങനെ... എന്നായിരുന്നു ഭാവനയുടെ ഉത്തരം.
ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പിന്നാലെ വൻകരഘോഷങ്ങൾക്കിടെ താരം വേദിയിലെത്തി. മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നുവെന്നും ഭാവന ചടങ്ങിൽ പറഞ്ഞിരുന്നു.