Entertainment
തബ്‍ലീഗ് ജമാഅത്തുകാരുടെ കൊറോണ ജിഹാദ്; ലോക്ക് ഡൗൺ ദുരിതം സ്ക്രീനിലേക്ക്, നായകനായി രാജ്കുമാര്‍ റാവു
Entertainment

'തബ്‍ലീഗ് ജമാഅത്തുകാരുടെ കൊറോണ ജിഹാദ്'; ലോക്ക് ഡൗൺ ദുരിതം സ്ക്രീനിലേക്ക്, നായകനായി രാജ്കുമാര്‍ റാവു

Web Desk
|
10 March 2023 2:53 PM GMT

ലോക്ക് ഡൗണിലെ അധികാര പ്രയോഗവും അസമത്വവും അനീതിയും വരച്ചുകാട്ടുന്ന ഭീഡിന്‍റെ ട്രെയിലര്‍ ഹൃദയം തുളക്കുന്നതാണ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിച്ച ദുരിതവും വിഭജനവും അക്രമവും പ്രമേയമാക്കി സംവിധായകന്‍ അനുഭവ് സിന്‍ഹ ഒരുക്കിയ ഭീഡിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ രാജ്കുമാര്‍ റാവുവാണ് നായകന്‍. ലോക്ക് ഡൗണിലെ അധികാര പ്രയോഗവും അസമത്വവും അനീതിയും വരച്ചുകാട്ടുന്ന ഭീഡിന്‍റെ ട്രെയിലര്‍ ഹൃദയം തുളക്കുന്നതാണ്.

മുല്‍ക്ക്, ആര്‍ട്ടിക്കിള്‍ 15, തപ്പഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനുഭവ് സിന്‍ഹ ഭീഡ് സംവിധാനം ചെയ്തിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്ത‍ില്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നേരിടേണ്ടി വന്ന ഇരുണ്ട ദിനങ്ങളാണ് ചിത്രം പറയുന്നത്. ഡല്‍ഹിയില്‍ തബ്‍ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കോവിഡ് ജിഹാദ് എന്ന പേരില്‍ വേട്ടയാടുന്നതും പിടികൂടുന്നതും ട്രെയിലറില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച അധികാരി വര്‍ഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാകും സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിൽ രാജ്കുമാർ റാവു ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണെത്തുന്നത്. നടി ഭൂമി പെഡ്നേക്കർ ഒരു ഡോക്ടറുടെ വേഷത്തിലും ഭീഡില്‍ അഭിനയിക്കും. പങ്കജ് കപൂർ, അശുതോഷ് റാണ, ദിയാ മിർസ, വീരേന്ദ്ര സക്‌സേന, ആദിത്യ ശ്രീവാസ്തവ, കൃതിക കമ്ര, കരൺ പണ്ഡിറ്റ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഭൂഷൺ കുമാറിന്‍റെ ടി-സീരീസും സിംഗയുടെ ബനാറസ് മീഡിയ വർക്ക്‌സും ചേർന്നാണ് ഭീഡ് നിർമ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Similar Posts