ഇന്ത്യാ-പാക്ക് വിഭജനവും കോവിഡ് ലോക്ക്ഡൗൺ ദുരിതവും; ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഭീഡ് ടീസര്‍
|രാജ്യത്തിനകത്ത് അതിർത്തി വരച്ചപ്പോൾ ജീവിതത്തിന്‍റെ നിറങ്ങൾ നഷ്‌ടപ്പെടുകയും ഒരു നിമിഷം കൊണ്ട് ജീവിതം മാറുകയും ചെയ്യുന്ന ആളുകളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ
കോവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും 1947ലെ ഇന്ത്യാ-പാക്ക് വിഭജനവും ചേര്‍ത്തൊരുക്കി ബോളിവുഡ് സംവിധായകന്‍ അനുഭവ് സിന്‍ഹ ഒരുക്കിയ ഭീഡിന്‍റെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുല്‍ക്ക്, ആര്‍ട്ടിക്കിള്‍ 15, തപ്പഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനുഭവ് സിന്‍ഹ ഭീഡ് സംവിധാനം ചെയ്തിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുടനെ അതിഥി തൊഴിലാളികള്‍ നേരിടേണ്ടി വന്ന ദുരിതങ്ങളാണ് ടീസറില്‍ ഭൂരിഭാഗവും. രാജ്യത്തെ ഇരുണ്ട ദിനങ്ങളുടെ കഥ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എന്ന തലക്കെട്ടിലാണ് ചിത്രത്തിലെ നായകനായ രാജ്കുമാര്‍ റാവു ടീസര്‍ വീഡിയോ പങ്കുവെച്ചത്.
ഒരു മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ 1947 ലെ വിഭജനത്തില്‍ നിന്നുള്ള ചിത്രങ്ങളും 2020 ലോക്ക്ഡൗൺ സമയത്ത് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ ബുദ്ധിമുട്ടുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യങ്ങളും ചേര്‍ത്തുള്ള ക്രോസ്-കട്ടുകൾ ഉപയോഗിച്ച് രണ്ട് സംഭവങ്ങളും തമ്മിലുള്ള സമാനതകൾ വരച്ചുകാണിക്കുന്നു.
മനുഷ്യരാശിക്ക് വേണ്ടി എല്ലാം മാറ്റിമറിച്ച ഏറ്റവും അപകടകരമായ കാലഘട്ടത്തിന്‍റെ കഥയാണ് ഭീഡ് എന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ വ്യക്തമാക്കി. 1947ലെ ഇന്ത്യാ വിഭജന കാലത്ത് ജനങ്ങൾ അനുഭവിച്ചതിന് സമാനമായി ഇന്ത്യയുടെ ലോക്ക്ഡൗൺ കാലത്തെ സാമൂഹിക അസമത്വത്തിന്‍റെ ദൃശ്യങ്ങൾ എങ്ങനെയാണെന്ന് കാണിക്കുക എന്നതായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റിൽ സിനിമ ചിത്രീകരിച്ചതിന്‍റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനകത്ത് അതിർത്തി വരച്ചപ്പോൾ ജീവിതത്തിന്‍റെ നിറങ്ങൾ നഷ്‌ടപ്പെടുകയും ഒരു നിമിഷം കൊണ്ട് ജീവിതം മാറുകയും ചെയ്യുന്ന ആളുകളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും സിന്‍ഹ ചിത്രത്തെ കുറിച്ച് വിശദീകരിച്ചു.
ചിത്രത്തിൽ രാജ്കുമാർ റാവു ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണെത്തുന്നത്. നടി ഭൂമി പെഡ്നേക്കർ ഒരു ഡോക്ടറുടെ വേഷത്തിലും ഭീഡില്‍ അഭിനയിക്കും. പങ്കജ് കപൂർ, അശുതോഷ് റാണ, ദിയാ മിർസ, വീരേന്ദ്ര സക്‌സേന, ആദിത്യ ശ്രീവാസ്തവ, കൃതിക കമ്ര, കരൺ പണ്ഡിറ്റ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഭൂഷൺ കുമാറിന്‍റെ ടി-സീരീസും സിംഗയുടെ ബനാറസ് മീഡിയ വർക്ക്‌സും ചേർന്നാണ് ഭീഡ് നിർമ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.