അമ്മാ കത്തി രാകണമാ...കത്തിയുമായി ഓടിക്കൂടിയ തമ്മനംകാര്‍ ചാണക്കാരനെ കണ്ടു ഞെട്ടി
|നടന്‍ ഭീമന്‍ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു
കൊച്ചി: ടിപ് ടോപ്പ് വേഷത്തില്‍ കൂളിംഗ് ഗ്ലാസ്സും വെച്ച് ഒരു 'ചാണക്കാരന്‍'.ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയൊരു ചാണക്കാരനെ കണ്ട അമ്പരപ്പും കൗതുകവും ഇപ്പോഴും തമ്മനത്തുകാര്‍ക്ക് മാറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനം ജംഗ്ഷനില്‍ കെ സ്റ്റുഡിയോയ്ക്ക് സമീപം വളരെ രസകരമായൊരു കാഴ്ച സമീപവാസികള്‍ കണ്ടത്. കണ്ടവര്‍ ശരിക്കും ഞെട്ടി. നടന്‍ ഭീമന്‍ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു. അമ്മാ കത്തി രാകണമാ...കത്തിയുമായി ഓടിക്കൂടിയ വീട്ടമ്മമാരാണ് ശരിക്കും ഞെട്ടിയത്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഭീമന്‍ രഘു വീടിന് മുന്നില്‍ ചാണയുമായി നില്‍ക്കുന്നു. ഒരു പരിചയമോ അങ്കലാപ്പോ ഇല്ലാതെ തമിഴില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചോദിക്കുന്നു. കത്തി രാകണാമ്മാ... തമ്മനത്തെ ഒരു ബാര്‍ബര്‍ ഷാപ്പിലെ കത്തി താരം രാകി കൊടുത്തു.
തന്‍റെ പുതിയ ചിത്രം ചാണയുടെ പ്രമോഷന്‍റെ ഭാഗമായിട്ടാണ് ഭീമന്‍ രഘു ചാണയുമായി നഗരം ചുറ്റി നടന്നത്. ഒരു പക്ഷേ മലയാളസിനിമയില്‍ ആദ്യമായിട്ടായിരിക്കാം ഒരു സെലിബ്രിറ്റി വളരെ കൂളായി ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നത്. ഭീമന്‍ രഘു തന്നെക്കാണാന്‍ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി സെല്‍ഫിയെടുത്താണ് മടങ്ങിയത്.
ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചാണയുടെ ചിത്രീകരണാനന്തര ജോലികള്‍ തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഇത്തരമൊരു കൗതുകം നിറഞ്ഞ പരിപാടി ആസൂത്രണം ചെയ്തത് കെ സ്റ്റുഡിയോയുടെ പ്രവര്‍ത്തകരാണ്. മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രമാണ് ചാണ.ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.
ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാനര്‍ - സ്വീറ്റി പ്രൊഡക്ഷന്‍സ്, സംവിധായകന്‍-ഭീമന്‍ രഘു, നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി - ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്‍റു, മേക്കപ്പ്-ജയമോഹന്‍, കോസ്റ്റ്യൂംസ് - ലക്ഷ്മണന്‍,ആര്‍ട്ട് - അജയ് വര്‍ണ്ണശാല, ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, മ്യൂസിക് - മുരളി അപ്പാടത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ - രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആര്‍ ഓ - പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ്,പി.ആർ.ഒ- പി.ആർ.സുമേരൻ