ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്
|ഈയിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ നേരിൽക്കണ്ടു ഇക്കാര്യം സംസാരിക്കാനാണ് ഭീമൻ രഘുവിന്റെ തീരുമാനം. ബിജെപിയുമായി ചേർന്ന് ഇനി പ്രവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ഡോട്‌കോമാണ് വിഷയത്തിൽ നടനുമായി സംസാരിച്ചത്.
'മനസ്സു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോയി. നമുക്ക് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. ഞാൻ പ്രതീക്ഷിച്ചതല്ല ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഞാൻ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ കൊല്ലം പത്തനാപുരത്തു നിന്നാണ് ഭീമൻ രഘു മത്സരിച്ചിരുന്നത്. സിറ്റിങ് എംഎൽഎ കെബി ഗണേഷ്‌കുമാറിനും നടൻ ജഗദീഷിനും പിറകേ മണ്ഡലത്തിൽ മൂന്നാമതായി.
ഈയിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ നേരിൽക്കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും ബിജെപിയിൽ നിന്ന് വലിയ അവഗണന നേരിട്ടതായി അദ്ദേഹം ആരോപിച്ചിരുന്നു.