Entertainment
ആഞ്ജനേയാ കാത്തിടണേ.. ബിച്ചുവേട്ടന്റെ തൂലിക അവസാനം ചലിച്ചത് എന്റെ ശബ്ദത്തിന് വേണ്ടി
Entertainment

'ആഞ്ജനേയാ കാത്തിടണേ'.. ബിച്ചുവേട്ടന്റെ തൂലിക അവസാനം ചലിച്ചത് എന്റെ 'ശബ്ദ'ത്തിന് വേണ്ടി

Web Desk
|
26 Nov 2021 1:20 PM GMT

അവസാനത്തെ വരിയുമെഴുതി പതിവു പോലെ ഭാര്യയെ കേൾപ്പിച്ചിട്ട് പാട്ടെനിക്ക് തന്നു.

ബിച്ചു തിരുമലയുടെ അവസാന സിനിമ പാട്ട് എഴുതി വാങ്ങിയതിന്റെ ഓർമയിലാണ് സംവിധായകൻ പി.കെ ശ്രീകുമാർ. ആഞ്ജനേയ കാത്തിടണേ എന്ന ഗാനം 'ശബ്ദം' എന്ന തന്റെ ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല എഴുതി നൽകിയെന്ന് പികെ ശ്രീകുമാർ പറയുന്നു. ബധിര- മൂകർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മലയാളത്തിലെ ആദ്യ സിനിമയായിരുന്നു ശബ്ദം

''നേരത്തെയുള്ള സൗഹൃദമാണ് ബിച്ചുവേട്ടനോട്. സിനിമയ്ക്കായി പാട്ടെഴുതിക്കുന്നതിന് വേണ്ടി തിരുമല വേട്ടമുക്കിലെ വീട്ടിലെത്തി. കുറച്ചു നേരത്തെ സൗഹൃദ സംഭാഷണം. ബിച്ചുവേട്ടാ.. എനിക്കൊരു പാട്ടെഴുതി തരണം. ശബ്ദമില്ലാത്തവർക്ക് ശബ്ദമാണ് എന്റെ സിനിമ. ബധിരരും മൂകരും അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രം.

ബിച്ചുവേട്ടൻ പേനയെടുത്തു. അര മണിക്കൂർ കൊണ്ടു പാട്ടെഴുതി പതിവു പോലെ ഭാര്യയെ കേൾപ്പിച്ചു എന്റെ കയ്യിൽ തന്നു. പിന്നീട് അദ്ദേഹം പാടിത്തരികയും ഞാൻ കേട്ടെഴുതുകയും ചെയ്തു.



''ഞങ്ങളെ സൃഷ്ടിച്ച തമ്പുരാനെ, ഇങ്ങു നിന്നെ നിർമിപ്പതും ഞങ്ങൾ.

ചട്ടി കുല , ബിംബങ്ങൾ ഒക്കെ ഉണ്ടാക്കിടുവാൻ കളി മണ്ണ് ഞങ്ങൾ തേടുമ്പോൾ''...

പാട്ടിന്റെ അവസാന വരികളാണിത്. കുശവസമുദായത്തിന്റെ നിലനിൽപും അവർ നേരിടുന്ന ഭീഷണിയും പ്രമേയമാവുന്ന ചിത്രത്തിന് ഇതിലും ഭംഗിയുള്ള വരികൾ വേറെയേതാണ്? സിനിമയുടെ മുഴുവൻ സത്തയും പാട്ടിൽ ഉൾചേർന്നിരുന്നു. വരികളിൽ ഒളിപ്പിച്ചുവച്ച മാന്ത്രികതയുണ്ടായിരുന്നു അതിന്. സൗഹൃദത്തിന്റെ പേരിൽ ഒരു രൂപ പോലും ബിച്ചുവേട്ടൻ പ്രതിഫലമായി വാങ്ങിയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.''

മാധ്യമ പ്രവർത്തകനായിരുന്ന പി.കെ ശ്രീകുമാർ സംവിധാനം ചെയ്ത ശബ്ദത്തിൽ മൂക- ബധിരരായ സോഫിയ- റിച്ചാർഡ് സഹോദരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തിയത്. അന്യം നിന്നുകൊണ്ടിരിക്കുന്ന മൺപാത്ര നിർമാണവും കുശവസമുദായത്തിന്റെ നിലനിൽപും അവർ നേരിടുന്ന ഭീഷണിയുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. റൂബി ഫിലിംസിന്റെ ബാനറിൽ ജയന്ത് മാമൻ, ലിനു ഐസക്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു തിരുമല ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.

രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്,ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നുംനിലനില്‍ക്കുന്ന പാട്ടുകള്‍ ബിച്ചുവിന്‍റെ തൂലികത്തുമ്പില്‍ നിന്നാണ്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

Similar Posts