മുന്‍പ് കമലദളത്തിന്‍റെ സെറ്റിലായിരുന്നു ഇങ്ങനെ കരഞ്ഞിട്ടുള്ളത്; റോഷാക്കിന്‍റെ സെറ്റില്‍ കണ്ണുനിറഞ്ഞ് ബിന്ദു പണിക്കര്‍
|''എനിക്ക് ഈ സെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്ന ധൈര്യത്തിലൂടെയാണ് എനിക്കു ഈ കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതെന്ന്'' ബിന്ദു പറഞ്ഞു
റിലീസ് ചെയ്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും റോഷാക് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കെട്ട്യോളാണ് എന്‍റെ മാലാഖക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തില്‍ ബിന്ദു പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ അമ്മ സീതയായിട്ടാണ് ബിന്ദുവെത്തുന്നത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നടി കാഴ്ച വച്ചത്. സിനിമയില്‍ സെറ്റില്‍ നിന്നും കണ്ണീരോടെ വിട പറയുന്ന ബിന്ദുവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
''എനിക്ക് ഈ സെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്ന ധൈര്യത്തിലൂടെയാണ് എനിക്കു ഈ കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതെന്ന്'' ബിന്ദു പറഞ്ഞു. പോവാന്‍ ഭയങ്കര വിഷമമുണ്ട്. കമലദളം കഴിഞ്ഞ് പോകുമ്പോഴാണ് ഞാന്‍ ഇങ്ങനെ കരഞ്ഞത്. ആ ഫീല്‍ ഇവിടെ കിട്ടിയിട്ടുണ്ട്..നടി പറഞ്ഞു. താന്‍ വിചാരിച്ചതിലും ഒരുപാട് ഉയരങ്ങളിലേയ്ക്കു സീത എന്ന കഥാപാത്രത്തെ ബിന്ദു പണിക്കര്‍ കൊണ്ടെത്തിച്ചു എന്നു സംവിധായകന്‍ പറയുന്നതു വീഡിയോയില്‍ കാണാം. ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തിന്‍റെ വീട്ടിൽ വെച്ചായിരുന്നു സിനിമയുടെ പാക്കപ്പ്. അവിടെ വെച്ചായിരുന്നു ബിന്ദു പണിക്കർ സീതയുടെ വേഷത്തിൽ യാത്ര ചോദിച്ചിറങ്ങിയത്.
മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്‍റെ നിര്‍മാണം. ജഗദീഷ്,ഷറഫുദ്ദീന്‍, കോട്ടയം നസീര്‍,ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ളിന്‍റെതാണ് തിരക്കഥ. പ്രോജക്ട് ഡിസൈനർ : ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് , ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്. ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി.ആർ.ഒ : പ്രതീഷ് ശേഖർ.