ബാങ്ക് കൊള്ളക്കാരനെന്ന് കരുതി പൊലീസ് അറസ്റ്റ് ചെയ്തത് ബ്ലാക്ക് പാന്തര്‍ സംവിധായകനെ!
|ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നാണ് റയാന്‍ കൂഗ്ലര്‍ക്ക് മോശം അനുഭവം ഉണ്ടായത്
ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ റയാനെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നാണ് റയാന്‍ കൂഗ്ലര്‍ക്ക് മോശം അനുഭവം ഉണ്ടായത്.
സണ്‍ ഗ്ലാസും മാസ്‌കും തൊപ്പിയും ധരിച്ചാണ് ബാങ്കില്‍ റയാന്‍ എത്തിയത്. 12,000 ഡോളര്‍ പിന്‍വലിക്കാനായിരുന്നു തീരുമാനം. താന്‍ പിന്‍വലിക്കുന്ന പണം എത്രയെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ബാങ്കിലെ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പു നല്‍കി. തന്‍റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ കാണരുതെന്നുമായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റയാന്‍ കൊള്ളക്കാരനാണെന്ന് ബാങ്ക് ജീവനക്കാരന്‍ തെറ്റിദ്ധരിച്ചു പൊലീസിനെ വിളിക്കുകയായിരുന്നു. കൗണ്ടറിനു മുന്നില്‍ നിശ്ശബ്ദനായി നില്‍ക്കുന്ന കൂഗ്ലറിന്‍റെ അടുത്തേക്ക് അറ്റ്ലാന്‍റ പൊലീസ് സമീപിക്കുന്നത് വീഡിയോയില്‍ കാണാം.
പൊലീസെത്തി റയാനെ കൈ വിലങ്ങുവച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പിന്നീടാണ് അറസ്റ്റ് ചെയ്തത് ആരെയാണെന്ന് വ്യക്തമായത്. അബദ്ധം മനസിലായതോടെ റയാനെ വിട്ടയച്ചു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റ്‌ലാന്‍റാ പൊലീസും സംവിധായകനോട് മാപ്പു പറഞ്ഞു. തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്തിരുന്ന ഒരു മെഡിക്കൽ അസിസ്റ്റന്‍റിന് പണമായി നൽകാനാണ് ഇത്രയും തുക പിന്‍വലിച്ചതെന്ന് കൂഗ്ലർ പൊലീസിനോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കൂഗ്ലര്‍ പറഞ്ഞു.