അത് ഒഫീഷ്യല്‍ ട്രയിലറല്ല, വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്; ആടുജീവിതം വീഡിയോ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്ന് ബ്ലസി
|ട്രയിലറെന്നു പറഞ്ഞാല്‍ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്
ആടുജീവിതത്തിന്റെ ട്രയിലറെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി സംവിധായകന് ബ്ലസി. പ്രചരിക്കുന്നത് ഒഫീഷ്യല്‍ ട്രയിലര്‍ അല്ലെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലസി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. ട്രയിലറെന്നു പറഞ്ഞാല്‍ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ മൂന്നര മിനിറ്റോളമുണ്ടെന്നും ബ്ലസി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകിട്ട് മുതലാണ് ആടുജീവിതത്തിന്റെ ട്രയിലറെന്ന പേരില്‍ വീഡിയോ ലീക്കായത് .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നായകന് പൃഥ്വിരാജ് തന്നെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തു. ട്രയിലര്‍ റിലീസ് മനഃപൂര്‍വമല്ലെന്നും ഈ രീതിയല്ലായിരുന്നു ട്രയിലര്‍ റിലീസ് ആവേണ്ടിയിരുന്നതെന്നും പൃഥി പറഞ്ഞിരുന്നു. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രയിലര്‍ ഒഫീഷ്യല്‍ അല്ലെന്ന് ആടുജീവിതത്തിന്റെ എഴുത്തുകാരന് ബെന്യാമിനും വ്യക്തമാക്കിയിരുന്നു. ''യു ടൂബിൽ വന്നിട്ടുള്ള ആടുജീവിതം trailer ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി / ഫെസ്റ്റിവൽസിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള deadline എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് official trailer വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.'' എന്നാണ് ബെന്യാമിന് കുറിച്ചത്.
ബ്ലസിയുടെ വാക്കുകള്‍
ആടുജീവിതത്തിന്റെ ട്രയിലര്‍ അണ് ഒഫീഷ്യലി ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. കാലിഫോര്‍ണിയയിലുള്ള 'ഡെഡ് ലൈന്‍' എന്ന മാഗസിനിലാണ് ഇത് ആദ്യമായിട്ട് വന്നതെന്ന് മനസിലാക്കുന്നത്. ഈ ട്രയിലര്‍ മൂന്നു മിനിറ്റോളമുള്ള കണ്ടന്റാണ്. ഒരു ട്രയിലര്‍ എന്ന രീതിയില്‍ അതിനെ ട്രീറ്റ് ചെയ്യാന്‍ പറ്റത്തില്ല. കാരണം പ്രോപ്പര്‍ ഗ്രേഡിംഗ് നടന്നിട്ടില്ല. ബിസിനസ് പര്‍പ്പസിനായിട്ട് ഫെസ്റ്റിവലുകള്‍ക്കും വേള്‍ഡ് റിലീസിനും വേണ്ടിയുള്ള ഏജന്റ്സിനു കാണിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ട്രയിലറെന്നു പറഞ്ഞാല്‍ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ മൂന്നര മിനിറ്റോളമുണ്ട്. അതങ്ങനെ പ്രചരിക്കുന്നതില്‍ അതിയായ വിഷമുണ്ട്. ഒഫീഷ്യല്‍ ട്രയിലറല്ല, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആ ഒരു ഘട്ടത്തില്‍ ഇത്തരമൊരു പ്രതിസന്ധി വന്നതിന്റെ മാനസികമായ പ്രയാസത്തിലാണ്.
മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച നോവലുകളിലൊന്നാണ് ബെന്യാമിന്റെ ആടുജീവിതം. നോവല്‍ സിനിമയാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരായിരിക്കും നജീബിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഒരു പാട് താരങ്ങളെ പരിഗണിച്ച ശേഷമാണ് ഒടുവില്‍ പൃഥ്വിയിലേക്കെത്തിയത്. അമല പോളാണ് നായിക. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.