Entertainment
മരുന്ന് കഴിച്ച് മെലിയാന്‍ നോക്കിയതാ, ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും: പാര്‍വതിക്കെതിരെ ബോഡി ഷെയ്മിങ്
Entertainment

'മരുന്ന് കഴിച്ച് മെലിയാന്‍ നോക്കിയതാ, ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും': പാര്‍വതിക്കെതിരെ ബോഡി ഷെയ്മിങ്

Web Desk
|
4 April 2022 5:35 AM GMT

'സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ?'

സോഷ്യല്‍ മീഡിയയിലെ മലയാളിയുടെ ബോഡി ഷെയ്മിങ് കുപ്രസിദ്ധമാണ്. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും കാണാം. വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് ആളുകള്‍ ഇത്തരം കമന്‍റുകളിടുന്നത്.

അടുത്തിടെ താരദമ്പതികളായ ജയറാമിന്‍റെയും പാർവതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്‍റുകള്‍ വന്നു. അഡ്വക്കറ്റ് അതുല്യ ദീപുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ കുറിപ്പിട്ടത്- '' ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ... അതാ ഭാഗ്യം'', ''പാര്‍വതി ഷുഗര്‍ പേഷ്യന്‍റാണെന്ന് തോന്നുന്നു'', "എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോക്കിയതാ. എന്തായാലും സംഭവം കളർ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാർവതി" എന്നിങ്ങനെയാണ് കമന്‍റുകള്‍.

അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? സ്കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും, ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച് ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വതിയുടേയും ഫോട്ടോ. ഇത് റീസന്‍റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്‍സ് ഇങ്ങനെ ആണ്-- ''ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ... അതാ ഭാഗ്യം'', ''ഐ തിങ്ക് പാര്‍വതി ഈസ് എ ഷുഗര്‍ പേഷ്യന്‍റ്'', ''എന്തോ മരുന്നു ഒക്കെ കഴിച്ചു തടികുറക്കാൻ നോക്കിയതാ എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മേടെ പോലെ ആവും പാർവതി'' ഇങ്ങനെ പോകുന്നു കമന്‍സ്.

എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റ്സ് ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് ഡയബെറ്റിക്സ് ഉണ്ടോന്ന് അവര്‍ ചെക്ക് ചെയ്തോളും. നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് ! ഇനി സ്കിന്‍ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ സ്കിന്‍ സാഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും ബോഡി ഷെയിം ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.

Summary- Body shaming against Parvathy Jayaram

Similar Posts